ടിസിഎസിനു കഴിഞ്ഞ വർഷത്തേക്കാൾ ലാഭം
Thursday, October 9, 2025 11:19 PM IST
മുംബൈ: ടാറ്റ കണ്‍സൾട്ടൻസി സർവീസസ് നടപ്പു സാന്പത്തിക വർഷത്തിലെ സെപ്റ്റംബർ പാദത്തിൽ അവരുടെ സംയോജിത ലാഭം കഴിഞ്ഞ വർഷത്തേക്കാൾ 1.4 ശതമാനം വർധിച്ച് 12,075 കോടി രൂപയായി റിപ്പോർട്ട് ചെയ്തു.
കഴിഞ്ഞ വർഷം ഇതേ പാദത്തിൽ കന്പനിയുടെ ലാഭം 11,909 കോടി രൂപയായിരുന്നു. എന്നാൽ, കഴിഞ്ഞ പാദത്തേക്കാൾ ടിസിഎസിന്റെ ലാഭം 5.4 ശതമാനം കുറഞ്ഞു. 2025-26 സാന്പത്തിക വർഷത്തിന്റെ ആദ്യ പാദത്തിൽ ടിസിഎസിന്റെ സംയോജിത ലാഭം 12,760 കോടി രൂപയായിരുന്നു.
അവലോകന പാദത്തിലെ പ്രവർത്തനങ്ങളിൽനിന്നുള്ള ഏകീകൃത വരുമാനം കഴിഞ്ഞ സാന്പത്തിക വർഷത്തെ ഇതേ പാദത്തിലെ 64,259 കോടി രൂപയിൽനിന്ന് 2.4 ശതമാനം വർധിച്ച് 65,799 കോടി രൂപയായി.
ടിഎസിഎസിന്റെ ഉടമകൾക്ക് ഒരു രൂപ വീതമുള്ള ഓരോ ഇക്വിറ്റി ഷെയറിനും 11 രൂപ നിരക്കിൽ രണ്ടാമത്തെ ഇടക്കാല ലാഭവിഹിതം പ്രഖ്യാപിച്ചു.
ലോകോത്തര എഐ നിർമാണത്തിന് ടിസിഎസ്
രണ്ടാം പാദ വരുമാന പ്രഖ്യാപന വേളയിൽ യുഎസ് ആസ്ഥാനമായുള്ള ലിസ്റ്റ്എഞ്ചേജിനെ ഏറ്റെടുക്കുന്നതായി ടിസിഎസ് പ്രഖ്യാപിച്ചു. ലോകോത്തര എഐ അടിസ്ഥാനമാക്കിയുള്ള സൗകര്യങ്ങൾ നിർമിക്കുകയെ ലക്ഷ്യത്തോടെയാണ് ഈ ഏറ്റെടുക്കൽ. ഇന്നലെ നടന്ന ബോർഡ് യോഗത്തിൽ ഏറ്റെടുക്കൽ അംഗീകരിച്ചു. 72.8 മില്യൺ ഡോളറിനാണ് ഏറ്റെടുക്കൽ.
സെയിൽസ്ഫോഴ്സ് പ്രാക്ടീസ് മെച്ചപ്പെടുത്തുന്നതിനും ഏജന്റിക് എഐ കഴിവുകൾ വർധിപ്പിക്കുന്നതിനുമായി ടിസിഎസ് നടത്തുന്ന തന്ത്രപരമായ നിക്ഷേപമാണിത്.
സെയിൽസ്ഫോഴ്സിന്റെ എക്സ്ക്ലൂസീവ് ഡിജിറ്റൽ മാർക്കറ്റിംഗ് ഏജൻസിയും കണ്‍സൾട്ടിംഗ് പങ്കാളിയുമാണ് ലിസ്റ്റ്എഞ്ചേജ്, സെയിൽസ്ഫോഴ്സ് ഉപയോഗിച്ച് ബിസിനസുകളെ അവരുടെ ഉപഭോക്തൃ ഇടപെടൽ ഒപ്റ്റിമൈസ് ചെയ്യുന്നതിനും പരിവർത്തനം ചെയ്യുന്നതിനും സഹായിക്കുന്നതിൽ വൈദഗ്ധ്യം നേടിയിട്ടുണ്ട്.
2003-ൽ മസാച്യുസെറ്റ്സിൽ സ്ഥാപിതമായ ലിസ്റ്റ്എഞ്ചേജ്, സെയിൽസ്ഫോഴ്സ് മാർക്കറ്റിംഗ് ക്ലൗഡ്, ഡാറ്റ ക്ലൗഡ്, സിആർഎം, സർവീസ് ക്ലൗഡ്, അനുബന്ധ മേഖലകളിൽ വൈദഗ്ധ്യം വാഗ്ദാനം ചെയ്യുന്നു.