ചെറിയ ബാങ്കുകളുടെ മെഗാ ലയനം വരുന്നു
Thursday, October 9, 2025 11:19 PM IST
പരവൂർ: ചെറിയ പൊതുമേഖലാ ബാങ്കുകളെ വലിയ ബാങ്കുകളുമായി ലയിപ്പിക്കാൻ കേന്ദ്ര സർക്കാർ പദ്ധതിയിടുന്നു.
മെഗാ ലയന പ്രക്രിയയ്ക്കുള്ള പ്രാരംഭ നടപടികൾ അധികൃതർ ആരംഭിച്ചു കഴിഞ്ഞതായാണ് സൂചന. നിലവിലെ മൂന്നു പ്രധാന ബാങ്കുകളെ കരുത്തുറ്റതാക്കാനാണ് മറ്റു ബാങ്കുകളെ അവയിലേക്ക് ലയിപ്പിക്കാൻ തീരുമാനിച്ചിട്ടുള്ളത്.
ബാങ്ക് ഒഫ് മഹാരാഷ്ട്ര, യൂക്കോ ബാങ്ക്, പഞ്ചാബ് ആൻഡ് സിന്ധ് ബാങ്ക് എന്നിവയെ എസ്ബിഐ ഗ്രൂപ്പിൽ ലയിപ്പിക്കാനാണ് നിശ്ചയിച്ചിട്ടുള്ളത്. ബാങ്ക് ഒഫ് ബറോഡ, സെൻട്രൽ ബാങ്ക് ഒഫ് ഇന്ത്യ, ഇന്ത്യൻ ഓവർസീസ് ബാങ്ക് എന്നിവയെ പിഎൻബി (പഞ്ചാബ് നാഷണൽ ബാങ്ക് ) ഗ്രൂപ്പിലും ലയിപ്പിക്കും.യൂണിയൻ ബാങ്ക്, ഇന്ത്യൻ ബാങ്ക്, ബാങ്ക് ഒഫ് ഇന്ത്യ എന്നിവയെ കാനറാ ബാങ്ക് ഗ്രൂപ്പിലുമാണ് ഉൾപ്പെടുത്തുക.
ആറ് വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് പൊതുമേഖലാ ബാങ്കുകളുടെ ഏകീകരണ നടപടികൾക്ക് കേന്ദ്ര സർക്കാർ തുടക്കമിട്ടിട്ടുള്ളത്. നിലവിലെ സാമ്പത്തിക വർഷാവസാനത്തോടെ നടപടികൾ പൂർത്തീകരിക്കും എന്നാണ് സൂചന. ലയനത്തിനു ശേഷം എസ്ബിഐ, പിഎൻബി, കാനറാ എന്നീ ബാങ്കിംഗ് ഗ്രൂപ്പുകൾ ആഗോള തലത്തിൽ മികച്ച 20 ബാങ്കുകളിൽ ഉൾപ്പെടും.