ചെന്പിനും വിലയേറുന്നു
Thursday, October 9, 2025 11:19 PM IST
മുംബൈ: അന്താരാഷ്ട്ര വിപണിയിൽ സ്വർണത്തിനും വെള്ളിക്കും മാത്രമല്ല ചെന്പിന്റെ വിലയും റിക്കാർഡ് തലത്തിലേക്ക് ഉയർന്നു.
പൊതുമേഖലാ സ്ഥാപനമായ ഹിന്ദുസ്ഥാൻ കോപ്പർ ലിമിറ്റഡ് ഓഹരികളിൽ വലിയ മുന്നേറ്റമുണ്ടാക്കി. ഇന്നലെത്തെ വ്യാപാരത്തിനിടെ ഓഹരി 52 ആഴ്ചയിലെ ഏറ്റവും ഉയർന്ന നിലയിൽ എത്തി. മാത്രമല്ല, കഴിഞ്ഞ അഞ്ച് വർഷത്തിനിടെ നിക്ഷേപകർക്ക് ഓഹരി 1000 ശതമാനം വരെ നേട്ടമാണ് നൽകിയത്.
ആഗോളതലത്തിൽ ചെന്പിനുള്ള ഡിമാൻഡ് കുതിച്ചുയരുന്നതാണ് വില വർധനവിന് പ്രധാന കാരണം. അടിസ്ഥാന സൗകര്യങ്ങളുടെയും വൈദ്യുത വാഹനങ്ങളുടെയും വികാസത്തിന്റെയും ഫലമായി ആഭ്യന്തര ആവശ്യകതയും ശക്തമാക്കുന്നു. കൂടാതെ, ലോകമെന്പാടുമുള്ള ഖനികളിൽ ഉത്പാദനം കുറയുന്നതും വിതരണത്തിലെ പ്രശ്നങ്ങളും വിലയെ സ്വാധീനിക്കുന്നു.
ചെന്പിന്റെ ഡിമാൻഡ് കുറയാൻ സാധ്യതയില്ലാത്തതിനാൽ, ഹിന്ദുസ്ഥാൻ കോപ്പറിന്റെ ഓഹരികൾ ഇനിയും മുന്നോട്ട് പോകുമെന്ന പ്രതീക്ഷയിലാണ് നിക്ഷേപകർ.
സർക്കാർ ഉടമസ്ഥതയിലുള്ള ഹിന്ദുസ്ഥാൻ കോപ്പർ ആണ് ഇന്ത്യയിൽ ചെന്പ് അയിര് ഖനനത്തിൽ ഏർപ്പെട്ടിരിക്കുന്ന ഏക കന്പനി. കൂടാതെ രാജ്യത്ത് ചെന്പ് അയിരിന്റെ എല്ലാ ഖനനങ്ങൾക്കുള്ള പാട്ടങ്ങളും ഈ പൊതുമേഖല സ്ഥാപനത്തിന്റെ കൈവശമാണ്.