സ്കൂൾ കായികമേള: സഞ്ജു അംബാസഡർ, ഭാഗ്യചിഹ്നം ‘തങ്കു’
Friday, October 10, 2025 12:40 AM IST
തിരുവനന്തപുരം: സംസ്ഥാന സ്കൂൾ കായികമേളയ്ക്ക് ആവേശം വിതറി ബ്രാൻഡ് അംബാസഡറായി ക്രിക്കറ്റ് താരം സഞ്ജു സാംസണ്.
സ്കൂൾ കായികമാമാങ്കത്തിന്റെ ഭാഗ്യചിഹ്ന പ്രകാശന വേളയിലാണ് ബ്രാൻഡ് അംബാസഡർ പ്രഖ്യാപനവുമുണ്ടായത്. ഈ വർഷത്തെ ഭാഗ്യചിഹ്നം ‘തങ്കു’ എന്ന മുയൽ ആണ്. 21 മുതൽ തിരുവനന്തപുരത്തെ വിവിധ വേദികളിലായാണ് സ്കൂൾ കായികമേളയുടെ മത്സരങ്ങൾ നടക്കുന്നത്.
സ്കൂൾ കായിക മേളയിൽ അണ്ടർ 14, 17, 19 കാറ്റഗറികളിലും അതോടൊപ്പം സവിശേഷ പരിഗണന അർഹിക്കുന്ന കുട്ടികളും ഉൾപ്പെടെ 20,000 ത്തോളം കായിക പ്രതിഭകൾ പങ്കെടുക്കുമെന്നു വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു.
തിരുവനന്തപുരം നഗരത്തിലെയും സമീപ പ്രദേശങ്ങളിലെയും 12 സ്റ്റേഡിയങ്ങളിലായി പകലും രാത്രിയുമായാണ് മത്സരങ്ങൾ സംഘടിപ്പിക്കുന്നത്. സെൻട്രൽ സ്റ്റേഡിയമാണ് പ്രധാന വേദിയായി നിശ്ചയിച്ചിട്ടുള്ളത്.
ഈ സ്റ്റേഡിയത്തിൽ താത്കാലിക ഇൻഡോർ സ്റ്റേഡിയങ്ങൾ ജർമൻ ഹാംഗർ പന്തൽ ഉപയോഗിച്ച് നിർമിച്ച് ഇവിടെ 12 കായിക ഇനങ്ങളുടെ മത്സരങ്ങൾ നടത്തും.
കഴിഞ്ഞ വർഷത്തെ സ്കൂൾ മീറ്റ് വേദിയായ മഹാരാജാസ് ഗ്രൗണ്ടിൽ നിന്നും ആരംഭിച്ച് ഈ വർഷത്തെ പ്രധാന വേദിയിൽ സമാപിക്കുന്ന രീതിയിൽ ആകും ദീപശിഖാ പ്രയാണം സംഘടിപ്പിക്കുന്നത്.
നഗരത്തിലെ 75 സകൂളുകളിലാണ് വിദ്യാർഥികളുടെ താമസം ക്രമീകരിക്കുക. യുഎഇയിലെ കേരള സിലബസിൽ പഠിക്കുന്ന കുട്ടികളിലെ വിജയികളെ ഉൾപ്പെടുത്തി അവർക്കിടയിൽ ഒരു ക്ലസ്റ്റർ മത്സരം നടത്തുകയും വിജയികളെ സംസ്ഥാന സ്കൂൾ കായിക മേളയിൽ പങ്കെടുപ്പിക്കുന്നതിനുള്ള നടപടികൾ ഇതിനോടകം പൂർത്തിയാക്കുകയും ചെയ്തിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.