പോറ്റിയുടെ വെളിപ്പെടുത്തലിൽ ഗൂഢാലോചന: മുഖ്യമന്ത്രി
സ്വന്തം ലേഖകൻ
Saturday, October 11, 2025 5:39 AM IST
ന്യൂഡൽഹി: ശബരിമലയിലെ സ്വർണപ്പാളി വിഷയത്തിൽ കുറ്റവാളികളെല്ലാം നിയമത്തിന്റെ കരത്തിൽപ്പെടുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഹൈക്കോടതി നിയമിച്ച എസ്ഐടി സംഘം അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും സർക്കാർ എല്ലാ പിന്തുണയും അറിയിച്ചിട്ടുണ്ടെന്നും ഡൽഹിയിൽ നടത്തിയ വാർത്താസമ്മേളനത്തിൽ മുഖ്യമന്ത്രി പറഞ്ഞു.
വിഷയത്തിൽ സർക്കാരിനും ഹൈക്കോടതിക്കും ഒരേ കാഴ്ചപ്പാടാണെന്നും രണ്ടു ഭാഗത്തല്ലെന്നും വ്യക്തമാക്കിയ മുഖ്യമന്ത്രി, ദേവസ്വം ബോർഡിനു വീഴ്ചകൾ സംഭവിച്ചിട്ടുണ്ടോയെന്നത് ഇപ്പോൾ ഒരു പ്രസ്താവനയിലും വ്യക്തമാക്കാൻ താത്പര്യപ്പെടുന്നില്ലെന്നും പ്രതികരിച്ചു.
ഉണ്ണികൃഷ്ണൻ പോറ്റിയുടെ വെളിപ്പെടുത്തലിൽ ആഗോള അയ്യപ്പസംഗമത്തെ മറ്റൊരു തലത്തിലേക്കെത്തിക്കാനുള്ള ഗൂഢാലോചനയുണ്ടായിരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. പീഠം കാണാനില്ലെന്ന് ഉണ്ണികൃഷ്ണൻ പോറ്റി വെളിപ്പെടുത്തൽ നടത്തിയതിനു പിന്നാലെയാണ് ദേവസ്വം ബോർഡ് അന്വേഷണം തുടങ്ങിയത്. ആ അന്വേഷണം എത്തിച്ചേർന്നത് ആ പീഠം അവിടെനിന്നു മാറ്റിയെന്ന കണ്ടെത്തലിലേക്കാണ്. വ്യക്തമായ ഗൂഢാലോചനയുടെ ഭാഗമായി നടന്ന കാര്യമായിരുന്നു അത്.