ആസാം-മേഘാലയ അതിർത്തിയിൽ സംഘർഷം; ഒരാൾ കൊല്ലപ്പെട്ടു
Friday, October 10, 2025 2:45 AM IST
ദിഫു: ആസാം-മേഘാലയ അതിർത്തിയിൽ രണ്ടു വിഭാഗങ്ങൾ തമ്മിലുണ്ടായ സംഘർഷത്തിൽ ഒരാൾ കൊല്ലപ്പെട്ടു. നെല്ലു വിളവെടുപ്പുമായി ബന്ധപ്പെട്ടായിരുന്നു ആസാമിലെ കർബി ആംഗ്ലോംഗ് ജില്ലയിൽ സംഘർഷം മൂർച്ഛിച്ചത്.
ഒരാഴ്ചയായി പ്രദേശത്ത് സംഘർഷസമാന സാഹചര്യമായിരുന്നു. നെൽകൃഷി ചെയ്ത ഭൂമി തങ്ങളുടേതാണെന്ന് ഇരു വിഭാഗവും അവകാശപ്പെട്ടിരുന്നു. മേഘാലയയിൽനിന്നുള്ള ഒരു സംഘം ആളുകൾ നെല്ലു കൊയ്യാനെത്തിയതോടെ തപത് ഗ്രാമവാസികൾ എതിർത്തു. തുടർന്നായിരുന്നു സംഘർഷം.
കർബി വിഭാഗത്തിൽപ്പെട്ട ഒറിവെൽ ടിമുംഗ് (48) ആണു കൊല്ലപ്പെട്ടത്. ഒരാൾക്കു പരിക്കേറ്റു. കണ്ണീർവാതകം പ്രയോഗിച്ചാണ് പോലീസ് ജനക്കൂട്ടത്തെ പിരിച്ചുവിട്ടത്. ആസാം, മേഘാലയ സംസ്ഥാനങ്ങൾ തമ്മിൽ 12 പ്രദേശങ്ങളിൽ അതിർത്തി തർക്കമുണ്ട്.