ചെറിയ ക്ലാസ് മുതൽ ലൈംഗിക വിദ്യാഭ്യാസം നൽകണം: സുപ്രീംകോടതി
Friday, October 10, 2025 2:45 AM IST
ന്യൂഡൽഹി: ലൈംഗിക വിദ്യാഭ്യാസം ഒൻപത് മുതൽ പന്ത്രണ്ട് വരെയുള്ള ക്ലാസുകളിൽ മാത്രമായി പരിമിതപ്പെടുത്തരുതെന്നും ചെറിയ ക്ലാസുമുതൽ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തണമെന്നും സുപ്രീംകോടതി.
ഇതുവഴി കുട്ടികൾക്ക് പ്രായപൂർത്തിയാകുന്പോൾ ശാരീരിക മാറ്റങ്ങളെക്കുറിച്ചും ഹോർമോണ്‍ വ്യതിയാനകളെക്കുറിച്ചും അവബോധം ലഭിക്കുമെന്നും ജസ്റ്റീസുമാരായ സഞ്ജയ് കുമാർ, അലോക് ആരാധെ എന്നിവരുടെ ബെഞ്ച് വ്യക്തമാക്കി.
പോക്സോ, ബലാത്സംഗം തുടങ്ങിയ കുറ്റങ്ങൾ ചുമത്തപ്പെട്ട് പിടിയിലായ ഉത്തർപ്രദേശ് സ്വദേശിയായ പ്രായപൂർത്തിയെത്താത്ത കൗമാരക്കാരന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടയിലായിരുന്നു കോടതിയുടെ നിരീക്ഷണം.
ഉത്തർപ്രദേശിലെ ഹയർ സെക്കൻഡറി സ്കൂളുകളിൽ ലൈംഗിക വിദ്യാഭ്യാസം എങ്ങനെ നൽകുന്നു എന്നത് സംബന്ധിച്ച ഒരു അധിക സത്യവാങ്മൂലം നൽകാനും കോടതി ആവശ്യപ്പെട്ടിരുന്നു.