ചുമമരുന്ന്: മരുന്ന് കമ്പനി ഉടമ അറസ്റ്റിൽ
Friday, October 10, 2025 2:45 AM IST
മുംബൈ: മധ്യപ്രദേശിൽ ചുമമരുന്ന് കഴിച്ച് ചകിത്സയിലായിരുന്ന രണ്ടു കുട്ടികൾകൂടി മരിച്ചു. നാഗ്പുരിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്ന അഞ്ചും നാലും വയസുള്ള കുട്ടികളാണ് മരിച്ചത്.
ഇതോടെ ചുമമരുന്ന് കഴിച്ച് മരിച്ച കുട്ടികളുടെ എണ്ണം 22 ആയി. മധ്യപ്രദേശിലെ ചിന്ദ്വാഡയിൽനിന്നുള്ള കുട്ടികളെ വൃക്കതകരാറിലായതോടെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
ഇതിനിടെ, ചുമമരുന്ന് കഴിച്ച് കുട്ടികൾ മരിക്കാനിടയായ സംഭവത്തിൽ മരുന്ന് നിർമാണ കമ്പനി ഉടമയെ മധ്യപ്രദേശ് പോലീസ് അറസ്റ്റ് ചെയ്തു. തമിഴ്നാട് കേന്ദ്രമായി പ്രവർത്തിക്കുന്ന ശ്രീശൻ ഫാർമ ഉടമ രംഗനാഥനാണ് അറസ്റ്റിലായത്.
മധ്യപ്രദേശ് പോലീസും ചെന്നൈ പോലീസും ചേർന്ന് നാടകീയ നീക്കത്തിലൂടെയാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. കാഞ്ചീരപുരത്തെ ഇയാളുടെ മരുന്ന് നിർമാണ ഫാക്ടറിയിൽനിന്നും ചില രേഖകളും പോലീസ് പിടിച്ചെടുത്തു.
ട്രാൻസിറ്റ് റിമാൻഡ് ലഭിക്കുന്നതിനായി കോടതിയിൽ ഹാജരാക്കിയ ശേഷം ഇയാളെ ചിന്ദ്വാരയിലേക്ക് കൊണ്ടുപോകുമെന്ന് മധ്യപ്രദേശ് പോലീസ് പറഞ്ഞു.
ശ്രീശൻ ഫാർമ നിർമിച്ച ‘കോള്‍ഡ്രിഫ്’ ചുമമരുന്ന് കഴിച്ച് 22 കുട്ടികളാണ് മരിച്ചത്. നിരവധി കുട്ടികൾ ആശുപത്രിയിൽ ചികിത്സയിലാണ്.