അഫ്ഗാൻ വിദേശകാര്യമന്ത്രി ഡൽഹിയിൽ
Friday, October 10, 2025 2:45 AM IST
ന്യൂഡൽഹി: അഫ്ഗാനിസ്ഥാനിലെ താലിബാൻ വിദേശകാര്യമന്ത്രി അമിർഖാൻ മുത്തഖി ഡൽഹിയിലെത്തി.
നാലു വർഷംമുന്പ് അഫ്ഗാനിലെ അഷ്റഫ് ഗനി സർക്കാരിനെ അട്ടിമറിച്ച് അധികാരത്തിലെത്തിയ താലിബാനിൽനിന്നുള്ള ഉന്നതനായ ഒരു മന്ത്രി രാജ്യത്തെത്തുന്നത് ഇന്ത്യ-അഫ്ഗാൻ ബന്ധത്തിനു പുതിയ മാനങ്ങൾ നൽകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
അഫ്ഗാനിൽ സർക്കാർ രൂപീകരിച്ചതിനുശേഷം ആദ്യമായാണ് ഒരു ഉന്നത താലിബാൻ നേതാവ് ഇന്ത്യ സന്ദർശിക്കുന്നത്. ആറു ദിവസത്തെ സന്ദർശനത്തിനെത്തിയ അമിർഖാൻ ഇന്ന് വിദേശകാര്യമന്ത്രി എസ്. ജയ്ശങ്കറുമായും ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവലുമായും കൂടിക്കാഴ്ച നടത്തും.
കഴിഞ്ഞ മാസംതന്നെ അഫ്ഗാന്റെ വിദേശകാര്യമന്ത്രിക്ക് ഡൽഹി സന്ദർശിക്കാൻ പദ്ധതികളുണ്ടായിരുന്നെങ്കിലും യുഎൻ സുരക്ഷാ കൗണ്‍സിലിന്റെ യാത്രാവിലക്കുള്ളതിനാൽ മുടങ്ങുകയായിരുന്നു. ഇപ്പോൾ 16 വരെയുള്ള ഇന്ത്യ സന്ദർശനത്തിനു യുഎന്നിൽനിന്ന് താത്കാലിക ഇളവ് നേടിയാണ് വന്നിരിക്കുന്നത്.
അഫ്ഗാനിലെ താലിബാൻ സർക്കാരിനെ ഇന്ത്യ ഇതുവരെ ഔദ്യോഗികമായി അംഗീകരിച്ചിട്ടില്ലെങ്കിലും അമിർഖാന്റെ സന്ദർശനം കാബൂളിലേക്ക് പുതിയ നയതന്ത്രപാതകൾ തുറക്കുമെന്നാണ് കരുതപ്പെടുന്നത്.