ജില്ലാ ജഡ്ജി നിയമനത്തിന് ജുഡീഷൽ ഓഫീസർമാർക്കും അപേക്ഷിക്കാം
Friday, October 10, 2025 2:45 AM IST
ന്യൂഡൽഹി: ജുഡീഷൽ ഓഫീസറായും അഭിഭാഷകനായും തുടർച്ചയായ ഏഴ് വർഷം പരിചയമുള്ളവർക്ക് ജില്ലാ ജഡ്ജിയായുള്ള നിയമനത്തിന് നേരിട്ട് അപേക്ഷിക്കാൻ അർഹതയുണ്ടെന്ന് സുപ്രീംകോടതിയുടെ അഞ്ചംഗ ഭരണഘടന ബെഞ്ച്. അപേക്ഷ സമർപ്പിക്കുന്ന തീയതി അടിസ്ഥാനമാക്കി യോഗ്യത കണക്കാക്കും.
ഇത്തരത്തിൽ നേരിട്ടുള്ള നിയമനത്തിന് അപേക്ഷിക്കുന്ന ഉദ്യോഗാർഥിയുടെ കുറഞ്ഞ പ്രായം 35 വയസായിരിക്കണമെന്നും വിധിയിൽ വ്യക്തമാക്കി. നിലവിൽ സർവീസിലുള്ള ഉദ്യോഗാർഥികൾക്ക് യോഗ്യത ഉറപ്പാക്കുന്നതിന് സംസ്ഥാന സർക്കാരുകൾ നിയമമുണ്ടാക്കണം.
അതേസമയം പുതിയ ഉത്തരവിന് മുൻകാല പ്രാബല്യമില്ല. നിലവിൽ പൂർത്തിയായ നിയമങ്ങളെ ഉത്തരവ് ബാധിക്കില്ല. മൂന്ന് മാസത്തിനുള്ളിൽ നിയമം ഭേദഗതി ചെയ്യാൻ ഹൈക്കോടതികളോടും സംസ്ഥാന സർക്കാരിനോടും ബെഞ്ച് നിർദേശിച്ചു.
ജുഡീഷൽ ഓഫീസറായിരുന്നു എന്ന് ചൂണ്ടിക്കാട്ടി കെ.വി. റെനീഷ് എന്നയാളുടെ ജില്ലാ ജഡ്ജിയായുള്ള നിയമനം തടഞ്ഞ കേരള ഹൈക്കോടതി ഉത്തരവാണ് ഭരണഘടന ബെഞ്ചിന്റെ വിധിക്ക് ആധാരം. ജില്ലാ ജഡ്ജിയായി നിയമിക്കപ്പെടുന്പോൾ റെനീഷ് അഭിഭാഷകനായി സേവനം അനുഷ്ഠിച്ചിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഹൈക്കോടതിയുടെ ഉത്തരവ്.
പിന്നീട് 2021ൽ സുപ്രീംകോടതി ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്തു. ഡൽഹി ഹൈക്കോടതിയും സമാന വിഷയത്തിൽ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഈ ഉത്തരവും ഭരണഘടനാ ബെഞ്ച് റദ്ദാക്കി.