മറന്ന അധ്യായമെന്ന് ഗവായ്; അപമാനമെന്ന് ഭൂയാൻ
Friday, October 10, 2025 2:45 AM IST
ജോർജ് കള്ളിവയലിൽ
ന്യൂഡൽഹി: കോടതിയിൽ അഭിഭാഷകൻ ഷൂ എറിഞ്ഞതു ഞെട്ടിച്ചെന്നും എന്നാൽ അതൊരു മറന്ന അധ്യായമാണെന്നും സുപ്രീംകോടതി ചീഫ് ജസ്റ്റീസ് ബി.ആർ. ഗവായ്. എന്നാൽ, സംഭവം തമാശയല്ലെന്നും ഇന്ത്യയുടെ ചീഫ് ജസ്റ്റീസിനെതിരായ അക്രമം ഉന്നത നീതിപീഠത്തോടുള്ള അപമാനമാണെന്നും ജസ്റ്റീസ് ഉജ്ജൽ ഭൂയാൻ പ്രതികരിച്ചു.
സുപ്രീംകോടതിയിൽ ഇന്നലെ ഒരു കേസിന്റെ പുനഃപരിശോധന ഹർജി പരിഗണിക്കവേയാണ് ഷൂയേറ് സംഭവത്തെക്കുറിച്ചു ചീഫ് ജസ്റ്റീസ് ഗവായ് മൗനം വെടിഞ്ഞ് നിലപാട് ആവർത്തിച്ചത്. ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ബെഞ്ചിൽ ജസ്റ്റീസുമാരായ ഉജ്ജൽ ഭൂയാൻ, കെ. വിനോദ് ചന്ദ്രൻ എന്നിവരും ഉണ്ടായിരുന്നു.
ചീഫ് ജസ്റ്റീസിനുനേരേ കോടതിമുറിയിൽ പരസ്യമായ ആക്രമണം നടത്തിയതിനെതിരേയും കുറ്റവാളിയെ വിട്ടയച്ചതിനെതിരേയും രാജ്യവ്യാപക പ്രതിഷേധം ഉയർന്നതിനിടെയാണ് ചീഫ് ജസ്റ്റീസും സഹജഡ്ജിയും ഇന്നലെ പ്രതികരിച്ചത്.
2025 മേയ് 16ന് വനശക്തിയും കേന്ദ്രസർക്കാരും തമ്മിലുള്ള കേസിൽ സുപ്രീംകോടതി പുറപ്പെടുവിച്ച വിധി പുനഃപരിശോധിക്കാനും പരിഷ്കരിക്കാനും ആവശ്യപ്പെട്ട് സമർപ്പിച്ച ഒരുകൂട്ടം ഹർജികൾ പരിഗണിക്കുന്നതിനിടെയാണു ചീഫ് ജസ്റ്റീസും സഹ ജഡ്ജിയും വ്യത്യസ്തമായ അഭിപ്രായം പറഞ്ഞത്. ചീഫ് ജസ്റ്റീസിനെതിരേ ചെരിപ്പെറിഞ്ഞ സംഭവത്തെ സോളിസിറ്റർ ജനറൽ തുഷാർ മേത്തയും അപലപിച്ചു. കുറ്റവാളിയെ വെറുതെ വിട്ട ചീഫ് ജസ്റ്റീസിന്റെ മഹാമനസ്കതയെ മേത്ത പ്രശംസിച്ചു.
“തിങ്കളാഴ്ച സംഭവിച്ചതിൽ ഞാനും എന്റെ പണ്ഡിത സഹോദരനായ ജസ്റ്റീസ് ചന്ദ്രനും വല്ലാതെ ഞെട്ടിപ്പോയി. ഞങ്ങൾക്കിത് മറന്നുപോയ ഒരു അധ്യായമാണ്’’ വാദം കേൾക്കുന്നതിനിടെ ചീഫ് ജസ്റ്റീസ് പറഞ്ഞു. എന്നാൽ, കുറ്റം ചെയ്ത അഭിഭാഷകൻ രാകേഷ് കിഷോറിനെ വെറുതെ വിട്ടതിനോട് വിയോജിക്കുന്നതായി ജസ്റ്റീസ് ഭൂയാൻ പറഞ്ഞു.
ഷൂ ആക്രമണം നടത്തിയ 71 വയസുള്ള രാകേഷ് കിഷോറിനെ ഉടൻതന്നെ പോലീസ് കസ്റ്റഡിയിലെടുത്തെങ്കിലും, കുറ്റപത്രം സമർപ്പിക്കരുതെന്ന് ചീഫ് ജസ്റ്റീസ് കോടതി രജിസ്ട്രാർ ജനറലിനോട് നിർദ്ദേശിച്ചതിനെത്തുടർന്ന് അദ്ദേഹത്തെ അന്നുതന്നെ വിട്ടയച്ചിരുന്നു. “ഇതിലെനിക്കു സ്വന്തം അഭിപ്രായങ്ങളുണ്ട്. അദ്ദേഹം ഇന്ത്യയുടെ ചീഫ് ജസ്റ്റീസാണ്. തമാശക്കാര്യമല്ലിത്. അതിനുശേഷം ക്ഷമാപണം നടത്തുന്നില്ല. ഇതു ജുഡീഷറിയോടുള്ള അപമാനമാണ്.’’- ജസ്റ്റീസ് ഭൂയാൻ പറഞ്ഞു.
“മറ്റുള്ളവർക്ക് ന്യായീകരിക്കാൻ കഴിയാത്തതെന്നു തോന്നാവുന്ന നിരവധി കാര്യങ്ങൾ വർഷങ്ങളായി ജഡ്ജിമാരെന്ന നിലയിൽ ഞങ്ങൾ ചെയ്യും, പക്ഷേ ഞങ്ങൾ ചെയ്തതിനെക്കുറിച്ചുള്ള അഭിപ്രായത്തെ അതൊന്നും മാറ്റില്ല’’-അദ്ദേഹം കൂട്ടിച്ചേർത്തു.
ചീഫ് ജസ്റ്റീസ് ഗവായിക്കു നേരേ ഷൂ വലിച്ചെറിഞ്ഞ അഭിഭാഷകൻ രാകേഷ് കിഷോറിനെ സുപ്രീംകോടതി ബാർ അസോസിയേഷൻ അംഗത്വത്തിൽനിന്ന് ഇന്നലെ പുറത്താക്കി. ഗുരുതരമായ പെരുമാറ്റദൂഷ്യം ആണ് കിഷോറിന്റേതെന്ന് ബാർ അസോസിയേഷൻ ചൂണ്ടിക്കാട്ടി.
താത്കാലിക അംഗത്വം റദ്ദാക്കി അസോസിയേഷനിൽനിന്നു പിരിച്ചുവിടുകയാണെന്നു ഭാരവാഹികൾ അറിയിച്ചു. അപലപനീയമായ പെരുമാറ്റം പ്രഫഷണൽ ധാർമികതയുടെയും മാന്യതയുടെയും സുപ്രീംകോടതിയുടെ അന്തസിന്റെയും ഗുരുതരമായ ലംഘനമാണെന്നു ബാർ അസോസിയേഷൻ പ്രസ്താവനയിൽ പറഞ്ഞു.
കഴിഞ്ഞ ആറിനു കോടതിയിൽ നടത്തിയ അക്രമത്തെ തുടർന്ന് കിഷോറിനെ അഭിഭാഷകവൃത്തിയിൽനിന്നു ബാർ കൗണ്സിൽ ഓഫ് ഇന്ത്യ (ബിസിഐ) ഉടൻ സസ്പെൻഡ് ചെയ്തിരുന്നു.
തന്റെ പ്രവൃത്തിയിൽ പശ്ചാത്താപമില്ലെന്നു പറഞ്ഞ കിഷോറിനെ ഇന്ത്യയിലെ ഏതെങ്കിലും കോടതിയിലോ ട്രൈബ്യൂണലിലോ അഥോറിറ്റിയിലോ ഹാജരാകുന്നതിനോ വാദിക്കുന്നതിനോ പ്രാക്ടീസ് ചെയ്യുന്നതിനോ ബിസിഐ വിലക്കിയിട്ടുണ്ട്.