മുഖ്യമന്ത്രി കേന്ദ്രമന്ത്രിമാരെ കണ്ടു
Friday, October 10, 2025 2:45 AM IST
ന്യൂഡൽഹി: മുഖ്യമന്ത്രി പിണറായി വിജയൻ വിവിധ കേന്ദ്രമന്ത്രിമാരുമായി ഡൽഹിയിൽ കൂടിക്കാഴ്ച നടത്തി.
ആഭ്യന്തരമന്ത്രി അമിത് ഷാ, ധനമന്ത്രി നിർമല സീതാരാമൻ, ഗതാഗതമന്ത്രി നിതിൻ ഗഡ്കരി, ആരോഗ്യമന്ത്രി ജെ.പി. നഡ്ഡ എന്നിവരെയാണ് മുഖ്യമന്ത്രി കണ്ടത്.
ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും കൂടിക്കാഴ്ച നടത്തിയേക്കും. മുംബൈയിൽനിന്ന് മടങ്ങിയെത്തുന്ന മോദിയെ സന്ദർശിക്കാൻ മുഖ്യമന്ത്രി അനുമതി ചോദിച്ചിട്ടുണ്ടെങ്കിലും ഔദ്യോഗിക സ്ഥിരീകരണമുണ്ടായിട്ടില്ല.
സംസ്ഥാനത്തെ ബാധിക്കുന്ന വിവിധ വിഷയങ്ങൾ മന്ത്രിമാരുമായി ചർച്ച ചെയ്തു. അമിത് ഷായുമായും നഡ്ഡയുമായും നടത്തിയ ചർച്ചയുടെ വിശദാംശങ്ങൾ പുറത്തുവന്നിട്ടില്ല.
ഗഡ്കരിയുമായുള്ള കൂടിക്കാഴ്ചയിൽ പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസും കേന്ദ്ര ധനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയിൽ ധനമന്ത്രി കെ.എൻ. ബാലഗോപാലും മുഖ്യമന്ത്രിയുടെയൊപ്പമുണ്ടായിരുന്നു.