സുബീന്റെ മരണം: രണ്ടു സുരക്ഷാ ഉദ്യോഗസ്ഥർ അറസ്റ്റിൽ
Saturday, October 11, 2025 5:39 AM IST
ഗോഹട്ടി: ഗായകൻ സുബീൻ ഗാർഗ് കഴിഞ്ഞമാസം സിംഗപ്പുരിൽ ദുരൂഹസാഹചര്യത്തിൽ മരിച്ച സംഭവത്തിൽ രണ്ട് സുരക്ഷാ ഉദ്യോഗസ്ഥർ അറസ്റ്റിൽ. നന്ദേശ്വർ ബോറ, പ്രബിൻ ബൈഷ്യ എന്നിവരാണ് അറസ്റ്റിലായത്.
ഗായകന്റെ സുരക്ഷയ്ക്കായി സംസ്ഥാനപോലീസ് വിട്ടുനൽകിയിരുന്ന ഉദ്യോഗസ്ഥരാണ് രണ്ടുപേരും. ദിവസങ്ങൾ നീണ്ട ചോദ്യംചെയ്യലിനുശേഷം ഇവരെ അന്വേഷണ വിധേയമായി കഴിഞ്ഞദിവസം സസ്പൻഡ് ചെയ്തിരുന്നു. നിരോധിത സംഘടനയായ ഉൾഫ ഒരു ദശകംമുന്പ് വധഭീഷണി ഉയർത്തിയതിനു പിന്നാലെയാണ് ഗായകന്റെ സുരക്ഷയ്ക്കായി ഇവരെ നിയമിച്ചത്.
രണ്ടുപേരുടെയും ബാങ്ക് അക്കൗണ്ടിലൂടെ 1.1 കോടിരൂപയുടെ ഇടപാട് നടന്നതായി അന്വേഷണസംഘം കണ്ടെത്തിയിരുന്നു. സാമൂഹ്യസേവനത്തിനായി ഇവർക്കു സുബീൻ ഗാർഗ് പണം നൽകിയിരുന്നതായി ഭാര്യ ഗരിമ സൈക്കിയ ഗാർഗ് സ്ഥിരീകരിച്ചുരുന്നു.ഗായകന്റെ മരണത്തിൽ ഇതുവരെ ഏഴുപേരെ പോലീസ് അറസ്റ്റ്ചെയ്തിട്ടുണ്ട്.