തടവുകാർക്ക് വോട്ടവകാശം: നിലപാടു തേടി സുപ്രീംകോടതി
സ്വന്തം ലേഖകൻ
Saturday, October 11, 2025 5:39 AM IST
ന്യൂഡൽഹി: രാജ്യത്തു വിചാരണത്തടവുകാരായി കഴിയുന്നവർക്ക് തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യുന്നതിനുള്ള അവസരമൊരുക്കണമെന്നാവശ്യപ്പെട്ടുള്ള പൊതുതാത്പര്യ ഹർജിയിൽ കേന്ദ്രസർക്കാരിൽനിന്നും തെരഞ്ഞെടുപ്പ് കമ്മീഷനിൽനിന്നും സുപ്രീംകോടതി നിലപാടു തേടി.
1951ലെ ജനപ്രാതിനിധ്യ നിയമത്തിലെ സെക്ഷൻ 62 (5) പ്രകാരം തടവുകാർക്ക് വോട്ടവകാശം നിരോധിച്ചത് ഏകപക്ഷീയമാണെന്നു ചൂണ്ടിക്കാട്ടിയാണ് ഹർജിക്കാർ കോടതിയെ സമീപിച്ചത്. ഏതെങ്കിലും കുറ്റകൃത്യങ്ങളിൽ ശിക്ഷിക്കപ്പെട്ടു ജയിലിൽ കഴിയുകയോ നിയമപരമായി പോലീസ് കസ്റ്റഡിയിലെടുക്കുകയോ ചെയ്യപ്പെട്ട തടവുകാർക്കാണു ജനപ്രാതിനിധ്യ നിയമപ്രകാരം വോട്ടവകാശമില്ലാത്തത്.
എന്നാൽ കുറ്റം തെളിയിക്കപ്പെടാത്തതിനാൽ വിചാരണത്തടവുകാരായി കഴിയുന്നവരെ ഇക്കൂട്ടത്തിൽ ഉൾപ്പെടുത്തുന്നത് ഏകപക്ഷീയ നിലപാടാണെന്നാണു ഹർജിക്കാരുടെ വാദം. തടവുകാരുടെ വോട്ടവകാശം സംബന്ധിച്ചു പരാമർശിക്കുന്ന ജനപ്രാതിനിധ്യ നിയമത്തിലെ വകുപ്പിൽ വ്യക്തതയില്ലെന്നും അതു പൂർണമല്ലെന്നും ഹർജിയിൽ ആരോപണമുണ്ട്.
ക്രിമിനൽ കുറ്റങ്ങളിൽ ശിക്ഷിക്കപ്പെട്ടവർക്ക് തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ അനുവാദമുണ്ട്. എന്നാൽ വിചാരണ തടവുകാർക്ക് വോട്ടവകാശം നിഷേധിക്കുന്നതിന്റെ യുക്തി എന്താണെന്നും ഹർജിക്കാർ ചോദിക്കുന്നു. ആശുപത്രികളിലും നഴ്സിംഗ് ഹോമുകളിലും താമസിക്കുന്നവർക്ക് വോട്ടവകാശം വിനിയോഗിക്കുന്നതിന് മൊബൈൽ വോട്ടിംഗ് അടക്കമുള്ള നടപടികൾ തെരഞ്ഞെടുപ്പ് കമ്മീഷൻ നേരത്തെ ഏർപ്പാടാക്കിയിരുന്നു. അതേസമയം വിചാരണ തടവുകാരുടെ കാര്യത്തിൽ അത്തരം നടപടികളിലേക്കു കമ്മീഷൻ കടക്കാത്തത് എന്തുകൊണ്ടാണെന്നും ഹർജിക്കാർ ചോദിച്ചു.