പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയിൽ വലിയ പ്രതീക്ഷയെന്ന് മുഖ്യമന്ത്രി
സ്വന്തം ലേഖകൻ
Saturday, October 11, 2025 5:39 AM IST
ന്യൂഡൽഹി: കേരളത്തിന്റെ പുരോഗതി, ദുരിതാശ്വാസം, സാന്പത്തികസ്ഥിരത തുടങ്ങിയ ഗൗരവ വിഷയങ്ങളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുഭാവപൂർവമായ തീരുമാനമെടുക്കുമെന്ന് പ്രതീക്ഷിക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ.
രണ്ടു ദിവസത്തെ സന്ദർശനത്തിനു ഡൽഹിയിലെത്തിയ മുഖ്യമന്ത്രി കേരളത്തിന് എയിംസ് അനുവദിക്കണം എന്നതുൾപ്പെടെ സംസ്ഥാനം ഏറെക്കാലമായി ഉന്നയിക്കുന്ന ആവശ്യങ്ങൾ പ്രധാനമന്ത്രിയെ നേരിട്ടറിയിച്ചു. കേരളത്തിന്റെ വിവിധ ആവശ്യങ്ങളിൽ കേന്ദ്രസർക്കാർ ആവശ്യമായ നിലപാട് സ്വീകരിക്കുമെന്ന് കരുതുന്നതായി പ്രധാനമന്ത്രിയുമായും നാല് കേന്ദ്രമന്ത്രിമാരുമായുള്ള കൂടിക്കാഴ്ചയ്ക്കുശേഷം മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.
വയനാട് ദുരന്തബാധിതരുടെ പുനരധിവാസത്തിനായി ദേശീയ ദുരന്ത പ്രതികരണ നിധിയിൽ (എൻഡിആർഎഫ്) നിന്ന് 2,221.03 കോടി രൂപ ഗ്രാന്റ് അനുവദിക്കണമെന്ന കേരളത്തിന്റെ ആവശ്യം പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയിൽ മുഖ്യമന്ത്രി ആവർത്തിച്ചു. ഇതോടൊപ്പം സംസ്ഥാനത്തിന്റെ കടമെടുപ്പ് പരിധിയിൽ കൊണ്ടുവന്ന നിയന്ത്രണങ്ങൾ ലഘൂകരിക്കുന്നതിനും സാന്പത്തികപരിധി വെട്ടിക്കുറച്ച വിഷയത്തിലും പ്രധാനമന്ത്രിയുടെ ഇടപെടൽ മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
കേരളത്തിൽ കോഴിക്കോട് കിനാലൂരിൽ സംസ്ഥാനം കണ്ടെത്തിയ സഥലത്ത് എയിംസ് അനുവദിക്കുന്നതിനുള്ള നടപടി വേഗത്തിലാക്കണമെന്ന ആവശ്യവും മുഖ്യമന്ത്രി മുന്നോട്ടുവച്ചു.
കേരളത്തിന്റെ അതിവേഗ നഗരവത്കരണം കണക്കിലെടുത്ത് ശാസ്ത്രീയമായ നഗരാസൂത്രണവും ആർക്കിടെക്ചറൽ ഗവേഷണവും ശക്തിപ്പെടുത്തുന്നതിനായി സംസ്ഥാനത്ത് ഒരു സ്കൂൾ ഓഫ് പ്ലാനിംഗ് ആൻഡ് ആർക്കിടെക്ചർ (എസ്പിഎ) സ്ഥാപിക്കണമെന്നും മുഖ്യമന്ത്രി പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു. സാങ്കേതിക തടസങ്ങൾ ഉന്നയിച്ച് കുടിശികയാക്കിയ നെല്ല് സംഭരണ സബ്സിഡി ഉടൻ അനുവദിക്കണമെന്ന വിഷയവും പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയിൽ മുഖ്യമന്ത്രി ഉന്നയിച്ചു.
പ്രധാനമന്ത്രിക്കുപുറമെ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, ആരോഗ്യമന്ത്രി ജെ.പി. നഡ്ഡ, ധനമന്ത്രി നിർമല സീതാരാമൻ, ഉപരിതല ഗതാഗതമന്ത്രി നിധിൻ ഗഡ്കരി തുടങ്ങിയവരുമായാണ് മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തിയത്. കേരളത്തിന്റെ തീരദേശ സുരക്ഷ വർധിധിപ്പിക്കുന്നതിനായി പൂർണമായും കേന്ദ്ര സാന്പത്തിക പിന്തുണയോടെ ഇന്ത്യ റിസർവ് ബറ്റാലിയന്റെ ഒരു പ്രത്യേക യൂണിറ്റ് അനുവദിക്കുക, ദേശീയ ഫോറൻസിക് സയൻസ് സർവകലാശാലയുടെ പ്രാദേശിക കാന്പസ് കേരളത്തിൽ ആരംഭിക്കുക തുടങ്ങിയ വിഷയങ്ങൾ ആഭ്യന്തരമന്ത്രിയുമായുള്ള കൂടിക്കാഴ്ചയിൽ ആവശ്യപ്പെട്ടു.
കേരളത്തിലെ സൈബർ കുറ്റകൃത്യങ്ങളെ നേരിടുന്നതിനും നിയന്ത്രണ അടിസ്ഥാന സൗകര്യങ്ങൾ ശക്തിപ്പെടുത്തുന്നതിനുമായി കേന്ദ്ര സാന്പത്തിക സഹായമായി 108 കോടി രൂപ അനുവദിക്കുമെന്ന് ആഭ്യന്തരമന്ത്രി അറിയിച്ചു. വയനാട് ദുരന്ത പുനരധിവാസത്തിനും പുനർനിർമാണത്തിനുമുള്ള കൂടുതൽ സഹായത്തിനായി ദുരന്ത നിവാരണ സഹായ നിർദേശങ്ങൾ ലഭിച്ചിട്ടുണ്ടെന്നും തുടർനടപടികൾ സ്വീകരിക്കുമെന്നും ആഭ്യന്തരമന്ത്രി അറിയിച്ചതായി മുഖ്യമന്ത്രി വ്യക്തമാക്കി.
കേരളത്തിന്റെ സവിശേഷമായ ജനസംഖ്യാപരമായ ഘടനയും വർധിച്ചുവരുന്ന വയോജന ജനസംഖ്യയും കണക്കിലെടുത്ത് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ജെറിയാട്രിക് കെയർ ആൻഡ് ഹെൽത്തി ഏജിംഗ് സ്ഥാപിക്കുന്നതിനുള്ള അനുമതി നഡ്ഡയുമായുള്ള കൂടിക്കാഴ്ചയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.