കന്യാസ്ത്രീകൾക്കെതിരേയുള്ള അതിക്രമം: ബജ്രംഗ്ദൾ പ്രവർത്തകർക്കെതിരേ എഫ്ഐആർ രജിസ്റ്റർ ചെയ്യണം
സ്വന്തം ലേഖകൻ
Saturday, October 11, 2025 5:39 AM IST
ന്യൂഡൽഹി: ഛത്തീസ്ഗഡിൽ മലയാളി കന്യാസ്ത്രീമാർക്കെതിരേയും നാരായണ്‍പുർ ജില്ലയിൽനിന്നുള്ള മൂന്ന് യുവതികൾക്കെതിരേയും അതിക്രമം നടത്തിയ ബജ്രംഗ്ദൾ പ്രവർത്തകർക്കെതിരേ എഫ്ഐആർ രജിസ്റ്റർ ചെയ്യണമെന്നാവശ്യപ്പെട്ടു ഡിജിപിക്ക് കത്തെഴുതി ഛത്തീസ്ഗഡ് വനിതാ കമ്മീഷൻ.
മലയാളി കന്യാസ്ത്രീകളെയും മൂന്ന് യുവതികളെയും മനുഷ്യക്കടത്ത് ആരോപിച്ച് ദുർഗ് റെയിൽവേ സ്റ്റേഷനിലെ പോലീസ് സ്റ്റേഷനുള്ളിൽ ബജ്രംഗ്ദൾ പ്രവർത്തകർ ഭീഷണിപ്പെടുത്തുകയും കൈയേറ്റം ചെയ്തെന്നുമാണ് വനിതാ കമ്മീഷൻ ഡിജിപിയെ അറിയിച്ചിരിക്കുന്നത്.
ബജ്രംഗ്ദൾ പ്രവർത്തകർ കൈയേറ്റം ചെയ്യുകയും അധിക്ഷേപിക്കുകയും ലൈംഗികാതിക്രമം നടത്തിയെന്നുമാണ് യുവതികൾ ആരോപിക്കുന്നതെന്നും എന്നാൽ ഇവരുടെ പരാതികളിൽ പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്യാൻ തയാറായിട്ടില്ലെന്നും വനിതാ കമ്മീഷൻ ചൂണ്ടിക്കാട്ടി. വിഷയത്തിൽ മൂന്നു തവണ വാദം നടത്തിയിട്ടും സർക്കാർ ഉദ്യോഗസ്ഥരിൽനിന്ന് ഉചിതമായ മറുപടി ലഭിച്ചിട്ടില്ലെന്ന് ഛത്തീസ്ഗഡ് വനിതാ കമ്മീഷൻ അധ്യക്ഷ കിരണ്‍മയി നായക് പറഞ്ഞതായി ദേശീയമാധ്യമം റിപ്പോർട്ട് ചെയ്തു.
സ്ത്രീകളെ പോലീസ് സ്റ്റേഷനുള്ളിൽ കൈയേറ്റം ചെയ്യുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ ആവശ്യപ്പെട്ടിട്ടും ലഭിച്ചിട്ടില്ലെന്നും കിരണ്‍മയി പറഞ്ഞു. മൂന്ന് യുവതികളുടെയും പരാതികളിൽ വ്യത്യസ്ത എഫ്ഐആറുകൾ രേഖപ്പെടുത്തണമെന്നും 15 ദിവസത്തിനുള്ളിൽ റിപ്പോർട്ട് കൈമാറണമെന്നുമാണ് കമ്മീഷൻ ആവശ്യപ്പെട്ടിരിക്കുന്നത്.
യുവതികളെ മതപരിവർത്തനം നടത്തി കടത്തുന്നുവെന്നാരോപിച്ച് ബജ്രംഗ്ദൾ പ്രവർത്തകർ ജൂലൈ 25നാണ് മലയാളി കന്യാസ്ത്രീമാരായ പ്രീതി മേരിയെയും വന്ദന ഫ്രാൻസിസിനെയും കൂടെയുണ്ടായിരുന്ന യുവതികളെയും ഒരു യുവതിയുടെ സഹോദരനെയും ദുർഗ് റെയിൽവേ സ്റ്റേഷനിൽ കൈയേറ്റം ചെയ്തത്. പിന്നീട് കന്യാസ്ത്രീമാരെ ഛത്തീസ്ഗഡ് പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.
തീവ്ര ഹിന്ദുത്വ സംഘടനയായ ബജ്രംഗ്ദൾ പ്രവർത്തകർ തങ്ങളെ കൈയേറ്റം ചെയ്തുവെന്നാരോപിച്ച് മൂന്നു യുവതികളും നാരായണ്‍പുർ പോലീസിൽ പരാതിപ്പെട്ടെങ്കിലും സംഭവം നടന്ന ദുർഗിൽ പരാതിപ്പെടാൻ പോലീസ് നിർദേശിക്കുകയായിരുന്നു. പോലീസ് നടപടിയെടുക്കാൻ വിസമ്മതിച്ചതോടെ യുവതികൾ പരാതിയുമായി ഓഗസ്റ്റിൽ ഛത്തീസ്ഗഡ് വനിതാകമ്മീഷനെ സമീപിക്കുകയായിരുന്നു.
കന്യാസ്ത്രീകളോടൊപ്പം ആഗ്രയിൽ ജോലിക്കു പോകുകയായിരുന്ന തങ്ങളുടെ തൊഴിലവസരം ബജ്രംഗ്ദൾ ഇടപെടലിലൂടെ ഇല്ലാതായെന്ന് കമ്മീഷന്റെ ഇടപെടലിൽ സംതൃപ്തി പ്രകടിപ്പിച്ചുകൊണ്ട് യുവതികൾ പറഞ്ഞു.