സൂപ്പര്‍ ഫാസ്റ്റ് ഹാലണ്ട്
Sunday, October 12, 2025 11:32 PM IST
ഓസ്ലോ (നോര്‍വെ): ലയണല്‍ മെസി, ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, കിലിയന്‍ എംബപ്പെ, നെയ്മര്‍ തുടങ്ങിയവരെയെല്ലാം പിന്തള്ളി നോര്‍വെയുടെ സൂപ്പര്‍ സ്ട്രൈക്കര്‍ എര്‍ലിംഗ് ഹാലണ്ട് ചരിത്ര നേട്ടത്തില്‍. രാജ്യാന്തര ഫുട്ബോളില്‍ അതിവേഗം 50 ഗോള്‍ എന്ന റിക്കാര്‍ഡാണ് 25കാരനായ നോര്‍വീജിയന്‍ താരം സ്വന്തമാക്കിയത്.
ഫിഫ 2026 ലോകകപ്പ് ഫുട്ബോള്‍ യൂറോപ്യന്‍ യോഗ്യതാ റൗണ്ടില്‍ ഇസ്രയേലിനെതിരായ മത്സരത്തില്‍ ഹാട്രിക്ക് സ്വന്തമാക്കിയാണ് ഹാലണ്ട് റിക്കാര്‍ഡ് കുറിച്ചത്. 46-ാം മത്സരത്തിലാണ് ഹാലണ്ട് ഈ നേട്ടത്തിലെത്തിയതെന്നതാണ് ശ്രദ്ധേയം. 50 ഗോള്‍ എന്ന നാഴികക്കല്ല് പിന്നിടാന്‍ ഇംഗ്ലണ്ടിന്റെ ഹാരി കെയ്ന്‍ 71 മത്സരങ്ങള്‍ എടുത്തതായിരുന്നു ഇതുവരെയുള്ള റിക്കാര്‍ഡ്. അര്‍ജന്റൈന്‍ സൂപ്പര്‍ താരം ലയണല്‍ മെസി 107ഉം പോര്‍ച്ചുഗീസ് ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ 114ഉം മത്സരങ്ങളിലാണ് 50 ഗോള്‍ പിന്നിട്ടതെന്നതാണ് വാസ്തവം.
പെനാല്‍റ്റി കളഞ്ഞിട്ടും ഹാട്രിക്
1998നുശേഷം ഫിഫ ലോകകപ്പ് യോഗ്യത എന്ന സ്വപ്നത്തിലേക്ക് അടുക്കുന്ന നോര്‍വെ, ഗ്രൂപ്പ് ഐയില്‍ 5-0ന് ഇസ്രയേലിനെ കീഴടക്കി. 27, 63, 72 മിനിറ്റുകളില്‍ ഹാലണ്ട് നേടിയ ഗോളിനൊപ്പം രണ്ട് സെല്‍ഫ് ഗോളും ചേര്‍ന്നതോടെയാണ് നോര്‍വെയുടെ ഏകപക്ഷീയ ജയം പൂര്‍ണമായത്. എന്നാല്‍, മത്സരത്തില്‍ ഹാലണ്ട് പെനാല്‍റ്റി നഷ്ടപ്പെടുത്തി.
ആറാം മിനിറ്റില്‍ ഹാലണ്ട് എടുത്ത പെനാല്‍റ്റി ഇസ്രേലി ഗോള്‍ കീപ്പര്‍ ഡാനിയേല്‍ പെരെസ് തടഞ്ഞു. എന്നാല്‍, ഗോള്‍ കീപ്പര്‍ നേരത്തേ ഗോള്‍ ലൈനില്‍നിന്ന് മൂവ് ചെയ്തതിനാല്‍ റഫറി വീണ്ടും കിക്ക് എടുക്കാന്‍ ആവശ്യപ്പെട്ടു. അതും ഗോളാക്കാൻ ഹാലണ്ടിനു സാധിച്ചില്ല.
ഗ്രൂപ്പ് ഐയിലെ മറ്റൊരു മത്സരത്തില്‍ ഇറ്റലി 3-1ന് എസ്റ്റോണിയയെ തോല്‍പ്പിച്ചു. ഗ്രൂപ്പില്‍ കളിച്ച ആറു മത്സരങ്ങളും ജയിച്ച് 18 പോയിന്റുമായി നോര്‍വെ ഒന്നാം സ്ഥാനത്ത് തുടരുന്നു. ഇറ്റലിയാണ് (12) രണ്ടാമത്.
സ്റ്റോപ്പേജില്‍ പോര്‍ച്ചുഗല്‍
ഗ്രൂപ്പ് എഫില്‍ സ്റ്റോപ്പേജ് ടൈം ഗോളില്‍ പോര്‍ച്ചുഗല്‍ 1-0ന് റിപ്പബ്ലിക് ഓഫ് അയര്‍ലന്‍ഡിനെ കീഴടക്കി. 90+1-ാം മിനിറ്റില്‍ റൂബെന്‍ നെവെസിന്റെ വകയായിരുന്നു പോര്‍ച്ചുഗലിന്റെ ജയംകുറിച്ച ഗോള്‍. തുടര്‍ച്ചയായ മൂന്നാം ജയത്തോടെ ഒമ്പത് പോയിന്റുമായി പോര്‍ച്ചുഗല്‍ ഒന്നാമതുണ്ട്.
സ്പെയിന്, തുര്‍ക്കി
ഗ്രൂപ്പ് ഇയില്‍ സ്പെയിന് 2-0ന് ജോര്‍ജിയയെ തോല്‍പ്പിച്ചു. യെറെമി പിനോ (24’), മൈക്കല്‍ ഒയാര്‍സബല്‍ (64’) എന്നിവരാണ് സ്പെയിനായി ലക്ഷ്യംകണ്ടത്.
ഗ്രൂപ്പിലെ മറ്റൊരു മത്സരത്തില്‍ തുര്‍ക്കി 6-1ന് ബള്‍ഗേറിയയെ തകര്‍ത്തു. 11-ാം മിനിറ്റില്‍ അര്‍ദ ഗുലറായിരുന്നു തുര്‍ക്കിയുടെ ഗോള്‍വേട്ടയ്ക്കു തുടക്കമിട്ടത്. ഗ്രൂപ്പില്‍ ഒമ്പത് പോയിന്റുമായി സ്പെയിന് ഒന്നാമതും ആറ് പോയിന്റുമായി തുര്‍ക്കി രണ്ടാമതുമാണ്.