ഗുഡ് ഹോപ്പ്
Sunday, October 12, 2025 11:32 PM IST
ന്യൂഡല്‍ഹി: വെസ്റ്റ് ഇന്‍ഡീസിനും ഇന്ത്യക്കും ഗുഡ് ഹോപ്പ്. ശുഭ്മാന്‍ ഗില്ലിന്റെ കീഴിലെ ആദ്യ ടെസ്റ്റ് പരമ്പര ട്രോഫിയിലേക്കുള്ള ഗുഡ് ഹോപ്പിലാണ് ടീം ഇന്ത്യ. മറുവശത്ത് തുടര്‍ച്ചയായ രണ്ട് ഇന്നിംഗ്സ് തോല്‍വി എന്ന നാണക്കേടില്‍നിന്നു കരകയറാം എന്ന ശുഭാപ്തി വിശ്വാസത്തില്‍ വിന്‍ഡീസും.
രണ്ടാം ടെസ്റ്റ് ക്രിക്കറ്റിന്റെ മൂന്നാംദിനം ഫോളോ ഓണ്‍ വഴങ്ങിയെങ്കിലും രണ്ടാം ഇന്നിംഗ്സില്‍ ജോണ്‍ കാംബലും (145 പന്തില്‍ 87 നോട്ടൗട്ട്) ഷായ് ഹോപ്പും (103 പന്തില്‍ 66 നോട്ടൗട്ട്) നടത്തിയ പ്രതിരോധമാണ് വെസ്റ്റ് ഇന്‍ഡീസിനെ ഇന്നിംഗ്സ് തോല്‍വിയില്‍നിന്നു കരകയറ്റുന്നത്. ഫോളോ ഓണ്‍ ചെയ്യുന്ന വിന്‍ഡീസ് രണ്ടാം ഇന്നിംഗ്സില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 173 റണ്‍സ് എന്ന നിലയിലാണ് മൂന്നാംദിനമായ ഇന്നലെ ക്രീസ് വിട്ടത്.
പരമ്പരയില്‍ വിന്‍ഡീസിന്റെ ആദ്യ ഹാഫ് സെഞ്ചൂറിയനാണ് കാംബല്‍. കാംബലിന്റെ കരിയറിലെ മികച്ച സ്കോറും ഇതുതന്നെ. 31 ഇന്നിംഗ്സിനിടെ ഷായ് ഹോപ്പിന്റെ ആദ്യ അര്‍ധസെഞ്ചുറിയാണ് ഇന്നലെ അരുണ്‍ ജയ്റ്റ്ലി സ്റ്റേഡിയത്തില്‍ പിറന്നത്. ഹോപ്പും കാംബലും ചേര്‍ന്ന് രണ്ടാം ഇന്നിംഗ്സിന്റെ മൂന്നാം വിക്കറ്റില്‍ അഭേദ്യമായ 138 റണ്‍സ് കൂട്ടുകെട്ടുണ്ടാക്കി.
ഈ വര്‍ഷം വിന്‍ഡീസിന്റെ ആദ്യ സെഞ്ചുറി കൂട്ടുകെട്ടാണിത്. ഈ വര്‍ഷം രണ്ടാമത്തെ ന്യൂബോള്‍ എടുപ്പിച്ചെന്നതും വിന്‍ഡീസിനെ സംബന്ധിച്ച് വലിയ കാര്യമായി. ഇന്നിംഗ്സ് തോല്‍വി ഒഴിവാക്കാമെന്ന ഗുഡ് ഹോപ്പിലാണ് വിന്‍ഡീസ് മൂന്നാംദിനം അവസാനിപ്പിച്ചതെങ്കിലും ആ ലക്ഷ്യത്തിലേക്ക് ഇനിയും 97 റണ്‍സ്കൂടി വേണമെന്നതാണ് വാസ്തവം.
ഫോളോ ഓണ്‍
ആദ്യ ടെസ്റ്റില്‍ ഇന്നിംഗ്സിനും 140 റണ്‍സിനും പരാജയപ്പെട്ട വെസ്റ്റ് ഇന്‍ഡീസ്, ഡല്‍ഹിയിലും സമാന ഭീഷണി നേരിടുകയാണ്. ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 518/5ന് എതിരേ ഫോളോ ഓണ്‍ ഒഴിവാക്കാന്‍ വിന്‍ഡീസിനു സാധിച്ചില്ല. നാലു വിക്കറ്റ് നഷ്ടത്തില്‍ 140 റണ്‍സ് എന്ന നിലയില്‍ ഇന്നലെ ഒന്നാം ഇന്നിംഗ്സ് പുനരാരംഭിച്ച സന്ദര്‍ശകര്‍ 248നു പുറത്തായി. ഫോളോ ഓണ്‍ ഒഴിവാക്കാന്‍ വിന്‍ഡീസിന് ഒന്നാം ഇന്നിംഗ്സില്‍ 319 റണ്‍സ് വേണ്ടിയിരുന്നു.
കുല്‍ദീപ് ഫൈഫര്‍
82 റണ്‍സ് വഴങ്ങി അഞ്ച് വിക്കറ്റ് വീഴ്ത്തിയ കുല്‍ദീപ് യാദവാണ് വെസ്റ്റ് ഇന്‍ഡീസിനെ ഒന്നാം ഇന്നിംഗ്സില്‍ 248നു പുറത്താക്കി ഫോളോ ഓണിലേക്കു തള്ളിവിടുന്നതില്‍ പ്രധാനപങ്കു വഹിച്ചത്.
ടെസ്റ്റില്‍ കുല്‍ദീപിന്റെ അഞ്ചാം അഞ്ച് വിക്കറ്റ് നേട്ടമാണ്. രവീന്ദ്ര ജഡേജ 46 റണ്‍സ് വഴങ്ങി മൂന്നു വിക്കറ്റ് സ്വന്തമാക്കി. ജസ്പ്രീത് ബുംറയും മുഹമ്മദ് ഷമിയും ഓരോ വിക്കറ്റ് വീഴ്ത്തി. 41 റണ്‍സ് നേടിയ അലിക് അത്തനാസെയായിരുന്നു വിന്‍ഡീസിന്റെ ഒന്നാം ഇന്നിംഗ്സില്‍ ടോപ് സ്കോറര്‍. ഷായ് ഹോപ്പ് 36 റണ്‍സ് നേടി.
സ്കോർബോർഡ്
ഇന്ത്യ ഒന്നാം ഇന്നിംഗ്സ്: 518/5 ഡിക്ലയേര്‍ഡ്.
വെസ്റ്റ് ഇന്‍ഡീസ് ഒന്നാം ഇന്നിംഗ്സ്: 248. രണ്ടാം ഇന്നിംഗ്സ്: ജോണ്‍ കാംബല്‍ നോട്ടൗട്ട് 87, തഗ്നരെയ്ന്‍ ചന്ദര്‍പോള്‍ സി ഗില്‍ ബി സിറാജ് 10, അലിക് അത്തനാസെ ബി വാഷിംഗ്ടണ്‍ 7, ഷായ് ഹോപ്പ് നോട്ടൗട്ട് 66, എക്സ്ട്രാസ് 3, ആകെ 49 ഓവറില്‍ 173/2. വിക്കറ്റ് വീഴ്ച: 1-17, 2-35.
ബൗളിംഗ്: സിറാജ് 6-2-10-1, ജഡേജ 14-3-52-0, വാഷിംഗ്ടണ്‍ സുന്ദര്‍ 13-3-44-1, കുല്‍ദീപ് 11-0-53-0, ബുംറ 4-2-9-0, ജയ്സ്വാള്‍ 1-0-3-0.