തിരുവനന്തപുരം x കോട്ടയം ഫൈനല്‍
Sunday, October 12, 2025 12:41 AM IST
കുന്നംകുളം: 69-ാമത് സംസ്ഥാന സീനിയര്‍ ബാസ്കറ്റ്ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ വനിതാ ഫൈനല്‍ ചിത്രം തെളിഞ്ഞു.
കിരീട പോരാട്ടത്തില്‍ നിലവിലെ ചാമ്പ്യന്മാരായ തിരുവനന്തപുരവും കോട്ടയവും ഏറ്റുമുട്ടും. പുരുഷ വിഭാഗത്തിലും തിരുവനന്തപുരം ഫൈനലിൽ പ്രവേശിച്ചു.
ഇന്നലെ നടന്ന ആദ്യ സെമിയില്‍ കോട്ടയം 60-46ന് ആലപ്പുഴയെ തകര്‍ത്ത് ഫൈനലില്‍ ഇടംനേടി. കോട്ടയത്തിനായി ഐറിന് എല്‍സ ഫിലിപ്പ് 20ഉം അക്ഷയ ഫിലിപ്പ് 13ഉം പോയിന്റ് സ്വന്തമാക്കി. തൃശൂരിനെ 44-76നു തകര്‍ത്തായിരുന്നു തിരുവനന്തപുരത്തിന്റെ ഫൈനല്‍ പ്രവേശം. തിരുവനന്തപുരത്തിനായി ആര്. ശ്രീകല 20ഉം സൂസന് ഫ്ളോറെന്റീന 12ഉം ചിന്നുകോശി 15ഉം പോയിന്റ് വീതം നേടി.
പുരുഷ വിഭാഗം സെമിയിൽ തിരുവനന്തപുരം 83-55ന് തൃശൂരിനെ തകർത്തു. തിരുവനന്തപുരത്തിനുവേണ്ടി ആരോൺ ബ്ലെസൻ 22ഉം സജിൻ 12ഉം പോയിന്റ് വീതം നേടി.