ഗാസ യുദ്ധം അവസാനിക്കുന്നു; ട്രംപിന്റെ സാന്നിധ്യത്തിൽ നാളെ ഈജിപ്തിൽ കരാർ
Saturday, October 11, 2025 11:13 PM IST
കയ്റോ: രണ്ടു വർഷം നീണ്ട ഗാസാ യുദ്ധം എന്നെന്നേയ്ക്കുമായി അവസാനിപ്പിക്കാനുള്ള കരാർ തിങ്കളാഴ്ച യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ സാന്നിധ്യത്തിൽ ഈജിപ്തിലെ ഷാം എൽ ഷേഖിൽ ഒപ്പുവയ്ക്കുമെന്ന് സൂചന. തിങ്കളാഴ്ചത്തെ ഉച്ചകോടിയിൽ അറബ്, പാശ്ചാത്യ രാജ്യങ്ങളിലെ ഒട്ടേറെ നേതാക്കളും പങ്കെടുക്കുമെന്നാണ് റിപ്പോർട്ട്.
ഗാസ സമാധാനത്തിന് ട്രംപ് മുന്നോട്ടുവച്ച 20 ഇന പദ്ധതിയിലെ ആദ്യ ഘട്ടമാണ് ഹമാസും ഇസ്രയേലും നേരത്തേ അംഗീകരിച്ചത്. ഇതു പ്രകാരമുള്ള വെടിനിർത്തലാണ് ഇപ്പോൾ പ്രാബല്യത്തിലായിരിക്കുന്നത്. ഗാസാ യുദ്ധം സ്ഥിരമായി അവസാനിപ്പിക്കുന്നത് അടക്കം പദ്ധതിയിലെ അവശേഷിക്കുന്ന നിർദേശങ്ങൾകൂടി അംഗീകരിക്കുന്ന കരാറായിരിക്കും തിങ്കളാഴ്ച ഈജിപ്തിൽ ഒപ്പുവയ്ക്കപ്പെടുക.
ജർമനി, സ്പെയിൻ, ഫ്രാൻസ്, ബ്രിട്ടൻ, ഇറ്റലി, ഖത്തർ, യുഎഇ, ജോർദാൻ, സൗദി, പാക്കിസ്ഥാൻ, ഇന്തോനേഷ്യ, തുർക്കി രാജ്യങ്ങളിലെ നേതാക്കൾ ഉച്ചകോടിയിൽ പങ്കെടുക്കും. ജർമൻ ചാൻസലർ ഫ്രീഡ്രിക് മെർസ് ഉച്ചകോടിയിൽ പങ്കെടുക്കാനുള്ള ക്ഷണം സ്വീകരിച്ചതായി അവിടെനിന്നുള്ള റിപ്പോർട്ടുകളിൽ പറയുന്നു.
സ്പാനിഷ് പ്രധാനമന്ത്രി പെദ്രോ സാഞ്ചസും പങ്കെടുക്കും. അതേസമയം, ഇസ്രേലി പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ സാന്നിധ്യം ഉണ്ടാകുമോ എന്നതിയിൽ വ്യക്തതയില്ല.
ഇസ്രയേൽ സന്ദർശിച്ച ശേഷമായിരിക്കും ട്രംപ് ഈജിപ്തിലെത്തുക. ഇസ്രയേലിൽ നെതന്യാഹുവുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തും. തുടർന്ന് ഇസ്രേലി പാർലമെന്റിനെ അഭിസംബോധന ചെയ്യുന്നുണ്ട്.
ട്രംപിനെയും മറ്റ് ലോക നേതാക്കളെയും സ്വീകരിക്കാനുള്ള ഒരുക്കങ്ങൾ ഷാം അൽ ഷേഖിൽ തകൃതിയായി നടക്കുന്നു. യുഎസ് വിദേശകാര്യ സെക്രട്ടറി മാർക്കോ റൂബിയോ ഈജിപ്ഷ്യൻ നേതാക്കളുമായി ബന്ധപ്പെട്ടു. തിങ്കളാഴ്ചത്തെ ഉച്ചകോടി ചരിത്രനിമിഷം ആയിരിക്കുമെന്ന് റൂബിയോ പറഞ്ഞു.
ഹമാസിന്റെ നിരായുധീകരണം, ഗാസയുടെ ഭരണം തുടങ്ങിയ നിർദേശങ്ങളിൽ തീരുമാനം ആയില്ലെങ്കിലും വെടിനിർത്തൽ തകരില്ലെന്ന് ട്രംപ് കഴിഞ്ഞദിവസം ആത്മവിശ്വാസം പ്രകടിപ്പിച്ചു. ഹമാസ് ഇസ്രേലി ബന്ദികളെ മോചിപ്പിക്കാനുള്ള ഒരുക്കത്തിലാണെന്നും അദ്ദേഹം വ്യക്തമാക്കി.
ബന്ദികളെ കൈമാറാൻ തിങ്കളാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടു മണിവരെയാണ് ഹമാസിനു സമയമുള്ളത്. ഇസ്രേലി ജയിലുകളിലുള്ള 1950 പലസ്തീൻ തടവുകാരും ഇതോടൊപ്പം മോചിതരാകും.
ഗാസയിൽ 48 ഇസ്രേലി ബന്ദികളാണ് അവശേഷിക്കുന്നത്. ഇതിൽ ജീവനോടെയുള്ള 20 പേരെയാണ് തിങ്കളാഴ്ചയ്ക്കുള്ളിൽ ഹമാസ് മോചിപ്പിക്കേണ്ടത്. അവശേഷിക്കുന്നതിൽ 26 പേർ മരിച്ചതായി സ്ഥിരീകരിച്ചിട്ടുണ്ട്. രണ്ടു പേരുടെ സ്ഥിതി വ്യക്തമല്ല.
ഇതിനിടെ ഇസ്രേലി സേന പിന്മാറിയ ഗാസ പ്രദേശങ്ങളിലേക്കുള്ള പലസ്തീനികളുടെ മടക്കം ഇന്നലെയും തുടർന്നു.