വെടിനിർത്തൽ നിരീക്ഷിക്കാൻ 200 യുഎസ് സൈനികർ
Saturday, October 11, 2025 4:59 AM IST
ദോഹ: ഗാസ വെടിനിർത്തൽ നിരീക്ഷിക്കാനായി 200 യുഎസ് സൈനികർ ഇസ്രയേലിലെത്തും. പശ്ചിമേഷ്യയിലുള്ള സൈനികരെയാകും അയയ്ക്കുകയെന്ന് യുഎസ് വൃത്തങ്ങൾ അറിയിച്ചു. ഇസ്രയേലിലെത്തുന്ന അമേരിക്കൻ സൈനികർ ഗാസയിൽ കാലുകുത്തില്ല.
സിവിൽ മിലിട്ടറി കോഓർഡിനേഷൻ സെന്റർ എന്ന പേരിൽ ദൗത്യസേന സ്ഥാപിക്കാനും യുഎസ് ഉദ്ദേശിക്കുന്നു. ഈജിപ്ത്, ഖത്തർ, തുർക്കി, യുഎഇ രാജ്യങ്ങളിൽനിന്നുള്ള സൈനികരെ ഇതിൽ ഉൾപ്പെടുത്തിയേക്കും.
വെടിനിർത്തലിന്റെ പുരോഗതി നിരീക്ഷിക്കുക, ഗാസയിലെ സഹായവിതരണം ഏകോപിപ്പിക്കുന്നതിൽ സഹായം നല്കുക എന്നിവ ദൗത്യ സേനയുടെ ചുമതലയായിരിക്കും. വെടിനിർത്തൽ ലംഘനുണ്ടായാൽ ദൗത്യസേന അക്കാര്യം ഇസ്രയേലിനെയും ഈജിപ്തും ഖത്തറും മുഖാന്തിരം ഹമാസിനെയും അറിയിക്കും.
യുഎസ് സേനയുടെ സെൻട്രൽ കമാൻഡ് മേധാവി അഡ്മിറൽ ബ്രാഡ് കൂപ്പർ ആയിരിക്കും ദൗത്യസേനയുടെ മേധാവി. ഈജിപ്തിൽ നടന്ന ചർച്ചയിൽ ബ്രാഡ് കൂപ്പർ പങ്കെടുത്തിരുന്നു.