വെടിനിർത്തൽ പ്രാബല്യത്തിൽ
Saturday, October 11, 2025 4:59 AM IST
ടെൽ അവീവ്: ഗാസ വെടിനിർത്തൽ പ്രാബല്യത്തിലായി. വ്യാഴാഴ്ച രാത്രി ഇസ്രേലി സർക്കാർ വെടിനിർത്തൽ അംഗീകരിച്ചു. ഇതിനുപിന്നാലെ, ഗാസയിലെ ചില പ്രദേശങ്ങളിൽനിന്നുള്ള ഇസ്രേലി സേനയുടെ പിന്മാറ്റം ഇന്നലെ ഉച്ചയ്ക്കു പൂർത്തിയായതോടെ വെടിനിർത്തൽ നിലവിൽവന്നു. ഇനി ഗാസയിൽ ജീവനോടെയുള്ള 20 ഇസ്രേലി ബന്ദികളെ ഹമാസ് ഭീകരർ മോചിപ്പിക്കേണ്ടതുണ്ട്.
വെടിനിർത്തൽ പാലിക്കപ്പെടുന്നുവെന്ന് ഉറപ്പാക്കാൻ 200 സൈനികരെ ഇസ്രയേലിലേക്ക് അയയ്ക്കുമെന്ന് അമേരിക്ക അറിയിച്ചു. പശ്ചിമേഷ്യയിലുള്ള അമേരിക്കൻ സൈനികരാകും ഇസ്രയേലിലെത്തുക. ഈജിപ്ത്, ഖത്തർ, തുർക്കി, യുഎഇ രാജ്യങ്ങളിൽനിന്നുള്ള സൈനികരെ ഉൾപ്പെടുത്തി സിവിൽ-മിലിട്ടറി കോ-ഓർഡിനേഷൻ സെന്റർ എന്നപേരിൽ അന്താരാഷ്ട്ര ദൗത്യസേന രൂപീകരിക്കുമെന്നും അമേരിക്ക അറിയിച്ചു.
ഈജിപ്തിലുണ്ടായ ധാരണപ്രകാരം വെടിനിർത്തൽ പ്രാബല്യത്തിൽവന്ന് 72 മണിക്കൂറിനകം ഇസ്രേലി ബന്ദികളെ ഹമാസ് മോചിപ്പിക്കേണ്ടതുണ്ട്. ഇതുപ്രകാരം തിങ്കളാഴ്ച ഉച്ചയ്ക്ക് 12 വരെയാണ് ഹമാസിനു സമയമുള്ളത്. ഇസ്രേലി ജയിലുകളിൽ ജീവപര്യന്തം തടവ് അനുഭവിക്കുന്ന 250 പലസ്തീൻകാരും 2023 ഒക്ടോബർ ഏഴിലെ ഭീകരാക്രമണത്തിനു പിന്നാലെ ഗാസയിൽനിന്ന് അറസ്റ്റിലായ 1700 പേരും ഇതിനൊപ്പം മോചിതരാകും.
ഗാസ യുദ്ധം തീർന്നതായി ഹമാസിന്റെ മുതിർന്ന നേതാവ് ഖലീൽ അൽ ഹയ്യ ഈജിപ്തിൽ അറിയിച്ചു. ട്രംപിന്റെ വെടിനിർത്തൽ പദ്ധതി സ്ഥിരം വെടിനിർത്തലിലേക്കു നയിക്കും. ഇനി ആക്രമണം ഉണ്ടാകില്ലെന്ന ഉറപ്പ് അമേരിക്കയിൽനിന്നും ഇതര മധ്യസ്ഥരിൽനിന്നും ഹമാസിന് ലഭിച്ചതായും അൽ ഹയ്യ കൂട്ടിച്ചേർത്തു. ഇസ്രേലി സേന പിന്മാറിയ ഗാസയിലെ പ്രദേശങ്ങളിലേക്ക് പലസ്തീൻ ജനത തിരിച്ചെത്താൻ തുടങ്ങി. സേനാപിന്മാറ്റത്തിനു പിന്നാലെ ഗാസ സിറ്റിയിൽനിന്ന് 19 പലസ്തീൻകാരുടെ മൃതദേഹങ്ങൾ കണ്ടെത്തി.
യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് മുന്നോട്ടുവച്ച 20 ഇന വെടിനിർത്തൽ പദ്ധതിയുടെ ആദ്യഘട്ടം മാത്രമാണ് ഈജിപ്തിലെ ചർച്ചയിൽ അംഗീകരിക്കപ്പെട്ടിട്ടുള്ളത്. ഹമാസിന്റെ നിരായുധീകരണം, യുദ്ധാനന്തര ഗാസയുടെ ഭരണം എന്നീ കാര്യങ്ങളിൽ തീരുമാനമായിട്ടില്ല.