സമർപ്പിതരുടെ സേവനങ്ങൾക്കു നന്ദി പറഞ്ഞ് മാർപാപ്പ
Saturday, October 11, 2025 4:59 AM IST
വത്തിക്കാൻ സിറ്റി: സഭയ്ക്കു സമർപ്പിതരെ ആവശ്യമാണെന്നും വൈവിധ്യമാർന്ന അവരുടെ സേവനങ്ങൾ സഭയിൽ അത്യന്താപേക്ഷിതമാണെന്നും ലെയോ പതിനാലാമൻ മാർപാപ്പ. സമർപ്പിതർ തങ്ങളുടെ ജീവിതത്തിന്റെ കേന്ദ്രസ്ഥാനത്ത് ക്രിസ്തുവിനെ സ്ഥാപിച്ചാൽ ലോകത്തെ ഉണർത്തുന്നതിൽ അവർക്കു സംഭാവന നൽകുവാൻ സാധിക്കുമെന്നും മാർപാപ്പ ഓർമിപ്പിച്ചു.
2025 പ്രത്യാശയുടെ ജൂബിലിവർഷാചരണത്തോടനുബന്ധിച്ചു സംഘടിപ്പിച്ച സമർപ്പിതരുടെ ജൂബിലി ആഘോഷത്തിൽ പങ്കെടുക്കാനെത്തിയവരെ ഇന്നലെ വത്തിക്കാനിലെ പോൾ ആറാമൻ ഹാളിൽ അഭിസംബോധന ചെയ്യുകയായിരുന്നു മാർപാപ്പ.
കർത്താവിൽ വേരൂന്നിയ സമർപ്പിതജീവിതം നയിക്കേണ്ടത് ഏറെ പ്രധാനപ്പെട്ടതാണ്. അപ്രകാരം മാത്രമേ, സമർപ്പിതരുടെ ദൗത്യം ഫലപ്രദമായ രീതിയിൽ നിർവഹിക്കുവാൻ സാധിക്കുകയുള്ളൂ.
സാർവത്രിക സാഹോദര്യത്തോടുള്ള പ്രതിബദ്ധത, ദരിദ്രരോടുള്ള ശ്രദ്ധ, സൃഷ്ടിയോടുള്ള കരുതൽ എന്നിവ സമർപ്പിതരുടെ ദൈനംദിന പ്രതിബദ്ധതയാണെന്ന് മാർപാപ്പ ഓർമിപ്പിച്ചു. ഈ മഹത്തായ പാരമ്പര്യത്തിന്റെ കാവൽക്കാരും പ്രോത്സാഹകരുമായി സമർപ്പിതർ മാറണം.
ഭിന്നതകളെ മറികടക്കുന്നതിലൂടെയും ക്ഷമിച്ചും ക്ഷമ ചോദിക്കുന്നതിലൂടെയും സമർപ്പിതർ ദൈവജനസേവനത്തിന്റെ പ്രവാചകരാകണം. സമർപ്പിതരുടെ വിശ്വസ്തതയ്ക്കും സഭയിലും ലോകത്തിലും അവർ ചെയ്യുന്ന വലിയ നന്മയ്ക്കും മാർപാപ്പ പ്രത്യേകം നന്ദി പറയുകയും ചെയ്തു. കഴിഞ്ഞ എട്ടിന് റോമിലും വത്തിക്കാനിലുമായി ആരംഭിച്ച ജൂബിലിയാഘോഷം നാളെ സമാപിക്കും.