ഭൗതികശാസ്ത്ര നൊബേൽ മൂന്നു പേർക്ക്
Tuesday, October 7, 2025 11:18 PM IST
സ്റ്റോക്ക്ഹോം: 2025ലെ ഭൗതികശാസ്ത്ര നൊബേൽ പ്രഖ്യാപിച്ചു. ജോൺ ക്ലാർക്ക്, മൈക്കൾ എച്ച് ഡെവോറെറ്റ്, ജോൺ എം മാർട്ടിനിസ് എന്നിവർക്കാണ് ക്വാണ്ടം മെക്കാനിക്കൽ ടണലിംഗിനെക്കുറിച്ചുള്ള ഗവേഷണത്തിനു പുരസ്കാരം ലഭിച്ചത്.
1984നും 85നും ഇടയിൽ ഇവർ കലിഫോർണിയ സർവകലാശാലയുടെ ഭാഗമായിരുന്നപ്പോൾ നടത്തിയ ഗവേഷണമാണ് പുരസ്കാരത്തിനുള്ള അർഹത നേടിക്കൊടുത്തത്. ഡിസംബർ പത്തിനു നടക്കുന്ന ചടങ്ങിൽ അവാർഡുകൾ സമ്മാനിക്കും. 1901നും 2024നും ഇടയിലുള്ള കാലയളവിൽ 226 ജേതാക്കൾക്ക് ഭൗതികശാസ്ത്ര നൊബേൽ ലഭിച്ചിട്ടുണ്ട്.
മെഷീൻ ലേണിംഗിന്റെ അടിത്തറ പാകിയ ജോൺ ഹോപ്ഫീൽഡ്, ജെഫ്രി ഹിന്റൺ എന്നിവർക്കായിരുന്നു കഴിഞ്ഞ വർഷം അംഗീകാരം ലഭിച്ചത്.
രസതന്ത്ര നൊബേൽ ഇന്നും സാഹിത്യ നൊബേൽ നാളെയും പ്രഖ്യാപിക്കും. 11 മില്യൺ സ്വീഡിഷ് ക്രോണർ (1.2 മില്യൺ യുഎസ് ഡോളർ) ആണ് സമ്മാനത്തുക.