പലസ്തീൻ യുദ്ധത്തിനു ഫണ്ട് ചെയ്യുന്നത് അമേരിക്ക; ഇസ്രയേലിനു നൽകിയത് 2170 കോടി ഡോളർ
Tuesday, October 7, 2025 11:18 PM IST
വാഷിംഗ്ടൺ ഡിസി: ഗാസ യുദ്ധം ആരംഭിച്ചതിനുശേഷം ഇസ്രയേലിന് 2170 കോടി യുഎസ് ഡോളറിന്റെ സൈനികസഹായം നൽകിയിട്ടുണ്ടെന്ന് പഠനം.
ബ്രൗൺ യൂണിവേഴ്സിറ്റിയിലെ വാട്സൺ സ്കൂൾ ഓഫ് ഇന്റർനാഷണൽ ആൻഡ് പബ്ലിക് അഫയേഴ്സിലെ കോസ്റ്റ്സ് ഓഫ് വാർ പ്രോജക്റ്റ് പ്രസിദ്ധീകരിച്ച പഠനം പറയുന്നത്, കഴിഞ്ഞ രണ്ട് വർഷത്തിനിടെ മിഡിൽ ഈസ്റ്റിലെ ഇടപെടലുകൾക്കായി യുഎസ് 1000 കോടി ഡോളർകൂടി ചെലവഴിച്ചിട്ടുണ്ടെന്നാണ്.
എന്നാൽ 2023 ഒക്ടോബർ മുതൽ ഇസ്രയേലിന് സൈനിക സഹായമായി നൽകിയ തുക സംബന്ധിച്ച് അമേരിക്കൻ ആഭ്യന്തരമന്ത്രാലയം ഇതുവരെ പ്രതികരണം നടത്തിയിട്ടില്ല.
ജോ ബൈഡൻ അധികാരത്തിലിരുന്ന യുദ്ധത്തിന്റെ ആദ്യവർഷത്തിൽ 1790 കോടി ഡോളറും രണ്ടാം വർഷത്തിൽ 380 കോടി ഡോളറും യുഎസ് ഇസ്രയേലിന് നൽകിയതായി പഠന റിപ്പോർട്ട് പറയുന്നു.
വാഷിംഗ്ടൺ ആസ്ഥാനമായുള്ള ക്വിൻസി ഇൻസ്റ്റിറ്റ്യൂട്ട് ഫോർ റെസ്പോൺസിബിൾ സ്റ്റേറ്റ്ക്രാഫ്റ്റുമായി സഹകരിച്ചാണ് റിപ്പോർട്ട് തയാറാക്കിയിരിക്കുന്നത്.
യെമനിലെ ഹൂതി വിമതർ, ഇറാൻ ആണവകേന്ദ്രങ്ങൾ എന്നിവയ്ക്കെതിരായുള്ള പ്രവർത്തനങ്ങൾക്കായി 2023 ഒക്ടോബർ മുതൽ 965 കോടി ഡോളറിനും 1,200 കോടി ഡോളറിനും ഇടയിലാണ് ചെലവാക്കിയതെന്നാണ് കണക്കുകൾ പറയുന്നത്.
ഇറാനെതിരായ ആക്രമണത്തിൽ 200-225 കോടി ഡോളറാണു ചെലവഴിച്ചതെന്നും പഠനം പറയുന്നു.