കയ്റോയിൽ സമാധാന പ്രതീക്ഷ
Tuesday, October 7, 2025 11:18 PM IST
കയ്റോ: ഗാസയിൽ യുദ്ധം അവസാനിപ്പിക്കാനുള്ള ചർച്ചകൾ ഫലപ്രദമായി മുന്നോട്ടെന്നു സൂചന. ഈജിപ്തിന്റെയും ഖത്തറിന്റെയും മധ്യസ്ഥതയിൽ ഈജിപ്തിലെ ഷാം എൽ ഷേഖിൽ നടക്കുന്ന ചർച്ച ആദ്യദിവസം മികച്ച അന്തരീക്ഷത്തിലാണ് അവസാനിച്ചതെന്ന് ഈജിപ്ഷ്യൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ബന്ദിമോചനം, വെടിനിർത്തൽ എന്നിവ സംബന്ധിച്ച വ്യവസ്ഥകളിൽ ഇരുകക്ഷികളും ഇതിനകംതന്നെ ധാരണയിലെത്തിയതായാണ് അറിയുന്നത്.
മധ്യസ്ഥർ ഇരുപക്ഷവുമായി കൂടിക്കാഴ്ച നടത്തിയ ശേഷം അവലോകനം എന്ന നിലയിലായിരുന്നു ആദ്യദിവസത്തെ ചർച്ച. ഈജിപ്ത്, ഖത്തർ മധ്യസ്ഥർ ഹമാസ് പക്ഷവുമായി ആദ്യം ചർച്ച നടത്തി. പിന്നീട് പ്രത്യേകമായി ഇസ്രേലി സംഘത്തെ കണ്ടു. ഇതിനു ശേഷം രണ്ടു വിഭാഗത്തിന്റെയും നിലപാടുകൾ അവലോകനം ചെയ്യാൻ മധ്യസ്ഥർ ആഭ്യന്തര ചർച്ച നടത്തി.
അഞ്ച് പ്രധാന വിഷയങ്ങളിലാണ് ചർച്ച പുരോഗമിക്കുക. ഗാസ മുനമ്പിന്റെ എല്ലാ ഭാഗങ്ങളിലും പൂർണവും ശാശ്വതവുമായ ഒരു വെടിനിർത്തൽ. ശേഷിക്കുന്ന എല്ലാ ഇസ്രേലി ബന്ദികളെയും പലസ്തീൻ തടവുകാരെയും മോചിപ്പിക്കൽ. ഭാവിയിൽ കടന്നുകയറ്റങ്ങൾ ഉണ്ടാവില്ലെന്ന ഉറപ്പിൽ ഇസ്രയേൽ സേനയുടെ പിന്മാറ്റം. അന്താരാഷ്ട്ര മേൽനോട്ടത്തിൽ ഗാസയിലേക്ക് സഹായം എത്തുന്നത് ഉറപ്പാക്കുക.
യുദ്ധം അവസാനിച്ചുകഴിഞ്ഞാൽ ഗാസയുടെ ഭാവി ഭരണവും സുരക്ഷയും തുടങ്ങിയ അഞ്ചു വിഷയങ്ങളുടെ ചട്ടക്കൂടിനു കീഴിലായിരിക്കും ചർച്ചകൾ. ഇസ്രയേൽ സംഘത്തെ നയിക്കുന്നത് മന്ത്രി റോൺ ഡെർമറാണ്. ഹമാസ് പക്ഷത്ത് ചർച്ചകൾക്ക് നേതൃത്വം നൽകുന്നത് ഖലീൽ അൽ ഹയ്യയാണ്.
പലസ്തീൻ തടവുകാരെ മോചിപ്പിക്കുന്നതിനു പകരമായി, 48 ഇസ്രേലി ബന്ദികളെ (ഇവരിൽ 20 പേർ ഇപ്പോഴും ജീവിച്ചിരിപ്പുണ്ടെന്നു കരുതപ്പെടുന്നു) മോചിപ്പിക്കുക എന്നതാണ് അടിയന്തര ലക്ഷ്യം. ഒക്ടോബർ 13ന് ജൂത അവധിക്കാലമായ സുക്കോത് അവസാനിക്കുന്നതിന് മുമ്പ് ബന്ദിമോചനം പ്രഖ്യാപിക്കുമെന്നു പ്രതീക്ഷിക്കുന്നതായി ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പറഞ്ഞതു ശുഭസൂചനയായാണു കാണുന്നത്.
ഹമാസിന്റെ നിരായുധീകരണം നേരിട്ടു പരാമർശിക്കുന്നത് ഒഴിവാക്കിയാണ് ആദ്യഘട്ട ചർച്ച. ഗാസയിൽനിന്ന് ഇസ്രയേൽ സൈന്യത്തെ പൂർണമായും പിൻവലിക്കുന്നതിനുള്ള വ്യക്തമായ സമയപരിധി ട്രംപ് പദ്ധതിയിൽ ഇല്ല.
യുദ്ധം അവസാനിച്ചെന്നും ഇസ്രയേൽ കരാർ ലംഘിക്കില്ലെന്നും കൃത്യമായ ഉറപ്പാണ് ഹമാസ് ആഗ്രഹിക്കുന്നത്. എന്നാൽ, ചർച്ചകൾ തുടരുമ്പോഴും ഇസ്രയേൽ ബോംബിംഗ് അവസാനിപ്പിക്കാൻ തയാറാകാത്തത് ചർച്ചകൾക്കുമേൽ കരിനിഴൽ വീഴ്ത്തുന്നുണ്ട്.
ആക്രമണം അവസാനിപ്പിക്കണമെന്ന് ട്രംപ് ഇസ്രയേലിനോട് ആവശ്യപ്പെട്ടിരുന്നെങ്കിലും തിങ്കളാഴ്ചയും വ്യോമാക്രമണം തുടർന്നു. ഇസ്രയേൽ ആക്രമണത്തിൽ 19 പേർ കൊല്ലപ്പെട്ടതായി ഹമാസ് ആരോഗ്യമന്ത്രാലയം അറിയിച്ചു. ട്രംപിന്റെ നിർദേശത്തിനു ശേഷം മാത്രം ഇസ്രേലി ആക്രമണത്തിൽ 104 പലസ്തീൻകാർ കൊല്ലപ്പെട്ടു.