ബ്രിട്ടീഷ് പ്രധാനമന്ത്രി ഇന്നെത്തും
Wednesday, October 8, 2025 1:54 AM IST
ലണ്ടൻ: ദ്വിദിന സന്ദർശനത്തിനായി ബ്രിട്ടീഷ് പ്രധാനമന്ത്രി കെയർ സ്റ്റാർമർ ഇന്ന് ഇന്ത്യയിലെത്തും. വ്യാപാരം, നിക്ഷേപം, സാങ്കേതിക സഹകരണം ഉൾപ്പെടെ വിവിധ മേഖലകളിൽ ഇന്ത്യ-ബ്രിട്ടീഷ് സഹകരണം ശക്തമാക്കുകയാണു ലക്ഷ്യം.
എഫ്ടിഎ എന്ന പേരിൽ അറിയപ്പെടുന്ന ഇന്ത്യ-യുകെ സമഗ്ര സാമ്പത്തിക, വ്യാപാര കരാറിൽ (സിഇടിഎ) ഊന്നിയായിരിക്കും ചർച്ചകൾ. നൂറിലധികം വ്യവസായികളും സർവകലാശാലാ വൈസ് ചാൻസലർമാരും ബ്രിട്ടീഷ് പ്രധാനമന്ത്രിക്ക് ഒപ്പമുണ്ടാകും.
കഴിഞ്ഞ ജൂലൈയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി യുകെ സന്ദര്‍ശിച്ചതിന്റെ തുടർച്ചയായാണു സ്റ്റാർമറിന്റെ ഇന്ത്യ സന്ദർശനം. സമഗ്ര സാമ്പത്തിക വ്യാപാര കരാർ പ്രയോജനപ്പെടുത്തി, സാമ്പത്തിക, സാങ്കേതിക, തന്ത്രപരമായ മേഖലകളില്‍ ബന്ധം കൂടുതല്‍ ദൃഢമാക്കാനുള്ള ഒരവസരമായാണു സന്ദര്‍ശനത്തെ നിരീക്ഷിക്കുന്നത്.
2025 ജൂലൈ 24നാണു സമഗ്ര സാമ്പത്തിക വ്യാപാര കരാറില്‍ ഇന്ത്യയും യുകെയും ഒപ്പുവച്ചത്. കരാര്‍ പ്രകാരം, ഇന്ത്യയുടെ കയറ്റുമതിയുടെ ഏകദേശം 99 ശതമാനത്തിനും യുകെയില്‍ തീരുവ ഒഴിവ് ലഭിക്കും. ഇപ്പോൾ ഏകദേശം 56 ബില്യണ്‍ യുഎസ് ഡോളര്‍ വരുന്ന ഉഭയകക്ഷി വ്യാപാരം 2030 ഓടെ ഇരട്ടിയാക്കുകയാണു കരാറിന്റെ ലക്ഷ്യം.