മാർപാപ്പയുടെ പ്രഥമ വിദേശ സന്ദർശനം തുർക്കി, ലബനൻ രാജ്യങ്ങളിലേക്ക്
Wednesday, October 8, 2025 1:54 AM IST
വത്തിക്കാൻ സിറ്റി: ലെയോ പതിനാലാമൻ മാർപാപ്പയുടെ പ്രഥമ അപ്പസ്തോലിക സന്ദർശനം വത്തിക്കാൻ പ്രഖ്യാപിച്ചു.
തുർക്കി, ലബനൻ രാജ്യങ്ങളിലേക്കാണ് മാർപാപ്പയുടെ സന്ദർശനം. നവംബർ 27 മുതൽ 30 വരെ തുർക്കി സന്ദർശിക്കുന്ന മാർപാപ്പ തുടർന്ന് ഡിസംബർ രണ്ടുവരെ ലബനനും സന്ദർശിക്കും. സഭയുടെ സുവർണചരിത്രത്തിന്റെ ഭാഗമായ നിഖ്യാ എക്യുമെനിക്കൽ സൂനഹദോസിന്റെ 1700-ാം വാർഷികത്തോടനുബന്ധിച്ചാണ് തുർക്കി സന്ദർശനം.
തുർക്കിയിലെ സന്ദർശനവേളയിൽ പുരാതന നഗരമായ ഇസ്നിക്കിലേക്ക് മാർപാപ്പ തീർഥാടനം നടത്തുമെന്ന് വത്തിക്കാൻ അറിയിച്ചു. സന്ദർശനം സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പിന്നീട് പ്രസിദ്ധീകരിക്കുമെന്ന് വത്തിക്കാൻ പ്രസ് ഓഫീസ് ഡയറക്ടർ മത്തേയോ ബ്രൂണി അറിയിച്ചു.
കഴിഞ്ഞ മേയ് മാസത്തിൽ തുർക്കിയിലേക്ക് പോകാനും നിഖ്യാ എക്യുമെനിക്കൽ സൂനഹദോസിന്റെ 1700-ാം വാർഷികാഘോഷത്തിൽ പങ്കെടുക്കാനും ഫ്രാൻസിസ് മാർപാപ്പ ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. എന്നാൽ, ആരോഗ്യനില വഷളായതോടെ ആഗ്രഹം നടന്നില്ല. ഫ്രാൻസിസ് മാർപാപ്പയുടെ ഈ ആഗ്രഹമാണ് ലെയോ പതിനാലാമൻ മാർപാപ്പ പൂർത്തീകരിക്കുന്നുവെന്നതു ശ്രദ്ധേയമാണ്.
പ്രസിഡന്റ് ജോസഫ് ഔനിന്റെ ക്ഷണപ്രകാരമാണു മാർപാപ്പയുടെ ലബനൻ സന്ദർശനം. സാമ്പത്തിക പ്രതിസന്ധി, 2020ലെ ബെയ്റൂട്ട് തുറമുഖ സ്ഫോടനം, അതിന്റെ അനന്തരഫലങ്ങൾ, രാഷ്ട്രീയ അസ്ഥിരത എന്നിങ്ങനെ വിവിധ പ്രതിസന്ധികളെ അഭിമുഖീകരിക്കുന്ന രാജ്യമാണു ലബനൻ. ബനഡിക്ട് പതിനാറാമൻ മാർപാപ്പയുടെ 2012ലെ സന്ദർശനത്തെത്തുടർന്ന് വീണ്ടും ലെയോ പതിനാലാമൻ മാർപാപ്പയുടെ സന്ദർശനത്തിന്റെ ആഹ്ലാദാരവത്തിലാണ് രാജ്യത്തെ പത്തു ലക്ഷത്തിലേറെ വരുന്ന ക്രൈസ്തവർ.
തുർക്കി സന്ദർശിക്കാൻ പ്രസിഡന്റ് എർദോഗൻ മാർപാപ്പയെ ഔദ്യോഗികമായി ക്ഷണിച്ചിരുന്നു. രാജ്യം സന്ദർശിക്കുന്ന അഞ്ചാമത്തെ മാർപാപ്പയാണു ലെയോ പതിനാലാമൻ. 2014ൽ ഫ്രാൻസിസ് മാർപാപ്പ തുർക്കി സന്ദർശിച്ചിരുന്നു. ഒരുകാലത്ത് ക്രൈസ്തവകേന്ദ്രമായിരുന്ന തുർക്കിയിൽ ഇപ്പോൾ ജനസംഖ്യയിൽ കേവലം രണ്ടു ശതമാനം മാത്രമേ ക്രൈസ്തവരുള്ളൂ.