ജർമൻ പോലീസിന് ഡ്രോൺ വെടിവച്ചിടാൻ അധികാരം
Thursday, October 9, 2025 12:13 AM IST
ബെർലിൻ: അജ്ഞാത ഡ്രോണുകൾ വെടിവച്ചിടാൻ ജർമൻ പോലീസിന് അധികാരം നല്കുന്നു. ജർമൻ മന്ത്രിസഭ ഇതിനുള്ള നിയമം അംഗീകരിച്ചു. ഇനി പാർലമെന്റിൽ പാസാകണം.
യൂറോപ്യൻ രാജ്യങ്ങളിൽ അജ്ഞാത ഡ്രോണുകൾ പ്രത്യക്ഷപ്പെട്ട പശ്ചാത്തലത്തിലാണു നീക്കം.
കഴിഞ്ഞ വെള്ളിയാഴ്ച ഇത്തരം സംഭവത്തിന്റെ പശ്ചാത്തലത്തിൽ ജർമനിയിലെ മ്യൂണിക് വിമാനത്താവളത്തിന്റെ പ്രവർത്തനം തടസപ്പെടുകയും പതിനായിരം യാത്രക്കാർ കുടുങ്ങുകയുമുണ്ടായി.
ഡെന്മാർക്ക്, ബെൽജിയം രാജ്യങ്ങളിലും അജ്ഞാതഡ്രോണുകൾ പ്രത്യക്ഷപ്പെട്ടിരുന്നു. സംഭവത്തിനു പിന്നിൽ റഷ്യ ആണെന്നു സംശയിക്കുന്നതായി ജർമൻ ചാൻസലർ ഫ്രീഡ്രിക് മെർസ് അഭിപ്രായപ്പെട്ടിരുന്നു.
ഭീഷണി മറികടക്കാനായി ഡ്രോണുകളെ കണ്ടെത്താനും നശിപ്പിക്കാനും സഹായിക്കുന്ന സെൻസറുകളും സംവിധാനങ്ങളും ഉപയോഗിച്ച് പ്രത്യേക മതിൽ സ്ഥാപിക്കണമെന്നു യൂറോപ്യൻ കമ്മീഷൻ പ്രസിഡന്റ് ഉർസുല ഫോൺ ദെർ ലെയ്ൻ ആവശ്യപ്പെട്ടിരുന്നു.