രസതന്ത്ര നൊബേൽ മൂന്നു പേർക്ക്
Thursday, October 9, 2025 12:13 AM IST
സ്റ്റോക്ക്ഹോം: 2025ലെ രസതന്ത്ര നൊബേൽ പ്രഖ്യാപിച്ചു. സുസുമു കിറ്റഗാവ, റിച്ചാർഡ് റോബ്സൺ, ഒമർ എം യാഗി എന്നീ ശാസ്ത്രജ്ഞർക്കാണു പുരസ്കാരം.
മെറ്റൽ ഓർഗാനിക് ഫ്രെയിം വർക്കുകളുടെ വികസനമാണ് ഇവരെ പുരസ്കാരത്തിന് അർഹരാക്കിയത്. മെറ്റൽ അയോണുകൾ കാർബൺ അധിഷ്ഠിത തന്മാത്രകളിൽ സംയോജിപ്പിച്ചാണ് ഇവ വികസിപ്പിച്ചത്.
ഇതിനുള്ളിലെ വലിയ സുഷിരങ്ങളിലൂടെ വാതകങ്ങൾ, രാസവസ്തുക്കൾ എന്നിവയ്ക്കു കടന്നുപോകാനാകും. ഇത് ഉപയോഗപ്പെടുത്തി മരുഭൂമിയിലെ അന്തരീക്ഷവായുവിൽനിന്നു ജലം ശേഖരിക്കാനും വിഷവാതകങ്ങൾ സുരക്ഷിതമായി സൂക്ഷിച്ചുവയ്ക്കാനും സാധിക്കും. കിറ്റഗാവ (74) നിലവിൽ ജപ്പാനിലെ ക്യോട്ടോ സർവകലാശാലയിലാണു പ്രവർത്തിക്കുന്നത്.
യുകെയിൽ ജനിക്കുകയും ഒാക്സ്ഫര്ഡ് സർവകലാശാലയിൽ പഠിക്കുകയും ചെയ്ത റോബ്സൺ (88) മെൽബൺ സർവകലാശാലയിൽ പ്രവർത്തിക്കുന്നു.
ജോർദാനിൽ ജനിച്ച യാഗിയുടെ പ്രവർത്തനമേഖല അമേരിക്കയിലെ ബെർക്ലി കലിഫോർണിയ സർവകലാശാലയാണ്. 1901നും 2024നും ഇടയിൽ 116 രസതന്ത്ര നൊബേൽ സമ്മാനങ്ങൾ വിതരണം ചെയ്തിട്ടുണ്ട്. ഡേവിഡ് ബേക്കർ, ഡെമിസ് ഹസാബിസ്, ജോൺ ജംപർ എന്നിവരായിരുന്നു 2024ലെ ജേതാക്കൾ.