യുദ്ധസാധ്യത നിലനിൽക്കുന്നു: പാക് പ്രതിരോധമന്ത്രി
Thursday, October 9, 2025 12:13 AM IST
ഇസ്ലാമാബാദ്: ഇന്ത്യയുമായി യുദ്ധത്തിനുള്ള സാധ്യത യാഥാർഥ്യമാണെന്ന് പാക് പ്രതിരോധമന്ത്രി ഖവാജാ ആസിഫ്.
ഭാവിയിൽ യുദ്ധമുണ്ടായാൽ പാക്കിസ്ഥാൻ വലിയ നേട്ടമുണ്ടാക്കുമെന്നും അദ്ദേഹം പറഞ്ഞു. സമാ ടിവിക്ക് നൽകിയ അഭിമുഖത്തിലായിരുന്നു പാക് പ്രതിരോധമന്ത്രിയുടെ വിവാദ പ്രസ്താവന.
ഇന്ത്യൻ നേതാക്കളുടെയും സൈനിക ഉദ്യോഗസ്ഥരുടെയും സമീപകാല പ്രസ്താവനകളിൽ പ്രതികരണം ആരാഞ്ഞപ്പോഴായിരുന്നു ഇത്. സായുധ ഏറ്റുമുട്ടലിന്റെ സാധ്യത നിലനിൽക്കുന്നുണ്ട്, പാക്കിസ്ഥാൻ ജാഗ്രതയോടെ സാഹചര്യം നിരീക്ഷിച്ചുവരികയാണെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യയുമായി യുദ്ധമുണ്ടായാൽ പാക്കിസ്ഥാനു മികച്ച നേട്ടമുണ്ടാക്കും. സംഘർഷം രൂക്ഷമാക്കാൻ താൻ ആഗ്രഹിക്കുന്നില്ല. എന്നാൽ, സംഘർഷസാധ്യത യാഥാർഥ്യമാണ്. അതു നിഷേധിക്കുന്നില്ല. യുദ്ധമുണ്ടായാൽ മുമ്പത്തേക്കാൾ മികച്ച ഫലമുണ്ടാകും - ആസിഫ് പറഞ്ഞു.
ആറു മാസം മുമ്പുള്ളതിനേക്കാൾ കൂടുതൽ രാജ്യങ്ങൾ പാക്കിസ്ഥാനെ ഇപ്പോൾ പിന്തുണയ്ക്കുന്നുണ്ട്.
മുൻപുണ്ടായിരുന്നതിനേക്കാൾ കൂടുതൽ സഖ്യകക്ഷികളുമുണ്ട്. കഴിഞ്ഞ യുദ്ധത്തിന്റെ സമയത്ത് ഇന്ത്യക്കൊപ്പം നിന്ന പലരും ഇന്ന് ഇന്ത്യക്കൊപ്പമില്ല.
ആഭ്യന്തര ഭിന്നതകൾ ഉണ്ടെങ്കിലും ഇന്ത്യയുമായുള്ള പോരാട്ടത്തിൽ, തങ്ങൾ ഒന്നിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ലോക ഭൂപടത്തിൽ തങ്ങളുടെ സ്ഥാനം നിലനിർത്തണമെങ്കിൽ ഭീകരവാദത്തെ പിന്തുണയ്ക്കുന്നത് പാക്കിസ്ഥാൻ നിർത്തണമെന്നും ഇന്ത്യൻ സൈനിക മേധാവി ജനറൽ ഉപേന്ദ്ര ദ്വിവേദി മുന്നറിയിപ്പ് നൽകിയിരുന്നു. പിന്നാലെയാണ് പാക് പ്രതിരോധ മന്ത്രിയുടെ പ്രസ്താവന.