ടോമഹ്വാക്: യുഎസിന് റഷ്യയുടെ മുന്നറിയിപ്പ്
Thursday, October 9, 2025 12:13 AM IST
മോസ്കോ: ദീർഘദൂര ടോമഹ്വാക് ക്രൂസ് മിസൈലുകൾ യുക്രെയ്നു നല്കാനുള്ള അമേരിക്കൻ നീക്കത്തിൽ മുന്നറിയിപ്പു നല്കി റഷ്യ.
മിസൈലുകൾ വെടിവച്ചിടുമെന്നും അതിന്റെ വിക്ഷേപണികൾ ബോംബിട്ടു നശിപ്പിക്കുമെന്നും അമേരിക്കയെ ഉപദ്രവിക്കാനുള്ള മാർഗങ്ങൾ തേടുമെന്നും റഷ്യൻ പാർലമെന്റ് പ്രതിരോധ കമ്മിറ്റി മേധാവി ആന്ദ്രേ കർത്താപൊലോവ് പറഞ്ഞു.
യുക്രെയ്നു ടോമഹ്വാക് ലഭിക്കുന്നതുകൊണ്ട് യുദ്ധഗതി മാറില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അമേരിക്ക സ്വബോധത്തോടെ ആലോചിച്ചുവേണം തീരുമാനമെടുക്കാനെന്ന് റഷ്യൻ ഡെപ്യൂട്ടി പ്രതിരോധ മന്ത്രി സെർഗി റിയാബ്കോവും പറഞ്ഞു.
ടോമഹ്വാക് നല്കണമോ വേണ്ടയോ എന്ന തീരുമാനം എടുക്കുന്നതിനു മുന്പായി അതുകൊണ്ട് എന്തു ചെയ്യാനാണ് ഉദ്ദേശിക്കുന്നതെന്നു യുക്രെയ്ൻ വ്യക്തമാക്കണമെന്ന് യുഎസ് പ്രസിഡന്റ് ട്രംപ് നേരത്തേ പറഞ്ഞിരുന്നു.
2,500 കിലോമീറ്റർ ദൂരപരിധിയുള്ള ഈ മിസൈൽ ഉപയോഗിച്ച് റഷ്യയുടെ ഭൂരിഭാഗം ഭാഗങ്ങളിലും ആക്രമണം നടത്താനാകും. മിസൈൽ പ്രവർത്തിപ്പിക്കാൻ അമേരിക്കൻ സേനയുടെ സഹായം ആവശ്യമാണ്.