ജനക്കൂട്ടത്തിൽ ബോംബിട്ട് മ്യാൻമർ പട്ടാളം; 24 പേർ കൊല്ലപ്പെട്ടു
Thursday, October 9, 2025 12:13 AM IST
യാംഗോൺ: മ്യാൻമറിൽ പട്ടാളഭരണകൂടത്തിനെതിരേ പ്രതിഷേധിച്ച ജനക്കൂട്ടത്തിനു നേർക്കുണ്ടായ ബോംബാക്രമണത്തിൽ 24 പേർ കൊല്ലപ്പെട്ടു. 47 പേർക്കു പരിക്കേറ്റു. ബുദ്ധമത ആഘോഷത്തോടനുബന്ധിച്ച് ദേശീയ അവധിയായിരുന്ന തിങ്കളാഴ്ച സെൻട്രൽ മ്യാൻമറിലെ ചാംഗ് യു പട്ടണത്തിലായിരുന്നു സംഭവം.
ആഘോഷത്തിന്റെ ഭാഗമായിട്ടാണു പ്രതിഷേധവും നടത്തിയത്. പട്ടാളം മിനിറ്റുകൾക്കുള്ളിൽ മോർട്ടോർ ഘടിപ്പിച്ച പാരാഗ്ലൈഡർ ഉപയോഗിച്ച് രണ്ടു ബോംബുകൾ ജനങ്ങൾക്കുമേൽ ഇടുകയായിരുന്നു. കുട്ടികളടക്കം മരണപ്പെട്ടുവെന്നാണു റിപ്പോർട്ട്. ആവശ്യത്തിനു യുദ്ധവിമാനങ്ങളും ഹെലികോപ്റ്ററുകളും ഇല്ലാത്തതിനാലാണു മോട്ടോർ ഘടിപ്പിച്ച പാരാഗ്ലൈഡറുകൾ ഉപയോഗിക്കുന്നത്.
2021ൽ ജനാധിപത്യ സർക്കാരിനെ പുറത്താക്കി അധികാരം പിടിച്ച പട്ടാളത്തിനെതിരേ പോരാടുന്ന പീപ്പിൾസ് ഡിഫൻസ് ഫോഴ്സ് (പിഡിഎഫ്) വിമതരുടെ നിയന്ത്രണത്തിലുള്ള സാഗെയിംഗ് മേഖലയിൽ ഉൾപ്പെടുന്ന പട്ടണത്തിലാണ് ആക്രമണമുണ്ടായത്. പട്ടാളം അടുത്ത കാലങ്ങളിൽ വിമതരിൽനിന്നു പ്രദേശങ്ങൾ തിരിച്ചുപിടിക്കാൻ തുടങ്ങിയെന്നാണു റിപ്പോർട്ട്.