‘ദിലേക്സി തേ’ ; പാവങ്ങളെ ചേര്‍ത്തുപിടിക്കാനുള്ള ആഹ്വാനവുമായി ലെയോ മാർപാപ്പയുടെ പ്രഥമ അപ്പസ്തോലിക പ്രബോധനം
Friday, October 10, 2025 3:26 AM IST
വത്തിക്കാന്‍ സിറ്റി: ലെയോ പതിനാലാമൻ മാർപാപ്പയുടെ പ്രഥമ അപ്പസ്തോലിക പ്രബോധനം ‘ഞാൻ നിന്നെ സ്നേഹിക്കുന്നു’ അഥവാ ‘ദിലേക്സി തേ’ വത്തിക്കാന്‍ പുറത്തിറക്കി.
വിശുദ്ധ ഫ്രാൻസിസ് അസീസിയുടെ തിരുനാൾദിനമായ കഴിഞ്ഞ നാലിന് മാർപാപ്പ ഒപ്പിട്ട ഈ അപ്പസ്തോലികപ്രബോധനം ഇന്നലെ ഉച്ചയ്ക്കാണു വത്തിക്കാൻ പ്രസ് ഓഫീസിൽ നടത്തിയ വാർത്താസമ്മേളനത്തിൽ പ്രസിദ്ധീകരിച്ചത്.
ദരിദ്രരോടുള്ള അവഗണന, സാമ്പത്തിക അസമത്വം, സ്ത്രീകൾക്കെതിരായ അക്രമങ്ങൾ, പോഷകാഹാരക്കുറവ്, വിദ്യാഭ്യാസപ്രതിസന്ധി, കുടിയേറ്റം, അനീതി തുടങ്ങിയ വിവിധ സാമൂഹിക വിഷയങ്ങളാണു അപ്പസ്തോലിക പ്രബോധനത്തിൽ മാർപാപ്പ പ്രധാനമായും പ്രതിപാദിച്ചിരിക്കുന്നത്. ദൈവസ്നേഹവും പാവപ്പെട്ടവരോടുള്ള സ്നേഹവും തമ്മിൽ വലിയതോതിൽ ബന്ധപ്പെട്ടിരിക്കുന്നുവെന്ന് ഈ രേഖയിലൂടെ മാർപാപ്പ ഓർമിപ്പിക്കുന്നു. ക്രിസ്തുവിന്റെ സ്നേഹം ജീവിക്കേണ്ടതു പാവപ്പെട്ടവരെ സ്നേഹിച്ചുകൊണ്ടാണെന്ന ഓര്‍മപ്പെടുത്തലും അപ്പസ്തോലിക പ്രബോധനം നൽകുന്നു.
121 ഖണ്ഡികകളിലായി പാവപ്പെട്ടവർക്കും രോഗികൾക്കും നൽകുന്ന പരിചരണം, അടിമത്തത്തിനെതിരേയുള്ള പോരാട്ടം, അക്രമങ്ങൾക്കിരയാകുന്ന സ്ത്രീകളുടെ സംരക്ഷണം, വിദ്യാഭ്യാസത്തിനുള്ള അവകാശം, കുടിയേറ്റക്കാർക്കു നൽകേണ്ട പിന്തുണ, കാരുണ്യപ്രവൃത്തികൾ തുടങ്ങി വിവിധ വിഷയങ്ങള്‍ അവതരിപ്പിച്ചിട്ടുണ്ട്. സമൂഹത്തിൽ അവഗണിക്കപ്പെട്ടും മോശം പെരുമാറ്റങ്ങൾ നേരിട്ടും അക്രമങ്ങൾക്കിരകളായും സഹിക്കേണ്ടിവരുന്ന സ്ത്രീകളെ മാർപാപ്പ അപ്പസ്തോലിക പ്രബോധനത്തില്‍ പ്രത്യേകം അനുസ്മരിക്കുന്നുണ്ട്.
സമൂഹത്തിൽ പാവപ്പെട്ടവർ ഉണ്ടാകുന്നത് അവരുടെ വിധികൊണ്ടല്ലെന്ന് ഓർമിപ്പിക്കുന്ന മാർപാപ്പ, ക്രൈസ്തവർപോലും ചില ലൗകിക പ്രത്യയശാസ്ത്രങ്ങൾക്കും രാഷ്ട്രീയ, സാമ്പത്തിക നിർദേശങ്ങൾക്കും വഴിപ്പെട്ട് അന്യായമായ സാമാന്യവത്കരണത്തിനും തെറ്റായ നിഗമനങ്ങളിലേക്കും നയിക്കപ്പെടുന്നുണ്ടെന്നും ചൂണ്ടിക്കാട്ടുന്നു. പാവപ്പെട്ടവരുടെ വേദനിക്കുന്ന ജീവിതങ്ങളെ സ്പർശിക്കുന്നതിനായി നാം ദാനധർമം നൽകേണ്ടതുണ്ടെന്നും മാർപാപ്പ അപ്പസ്തോലിക ലേഖനത്തിലൂടെ ഓര്‍മിപ്പിക്കുന്നു.
ബെനഡിക്ട് പതിനാലാമൻ മാർപാപ്പ തുടങ്ങിവച്ച് ഫ്രാൻസിസ് മാർപാപ്പ പൂർത്തിയാക്കിയ ‘ലുമെൻ ഫീദെയി’ (Lumen Fidei) എന്ന അപ്പസ്തോലിക പ്രബോധനത്തിനു സമാനമായി ഫ്രാൻസിസ് മാർപാപ്പ എഴുതിയ ‘ദിലേക്സിത് നോസ്’ (Dilexit Nos-അവൻ നമ്മെ സ്നേഹിച്ചു) എന്ന യേശുവിന്റെ സ്നേഹിക്കുന്ന ഹൃദയത്തെക്കുറിച്ചുള്ള ചാക്രികലേഖനത്തിന്റെ തുടർച്ചയായാണു ‘ദിലേക്സി തേ’ രചിക്കപ്പെട്ടിരിക്കുന്നത്.
ആദ്യഘട്ടത്തില്‍ എട്ടു ഭാഷകളിലായാണ് അപ്പസ്തോലിക പ്രബോധനം പുറത്തിറക്കിയിരിക്കുന്നത്. വരുംനാളുകളില്‍ മലയാളം ഉള്‍പ്പെടെ വിവിധ ഭാഷകളില്‍ തര്‍ജമ ലഭ്യമാകും.