ലാസ്ലോ ക്രാസ്നഹോർകയ്ക്ക് സാഹിത്യ നൊബേൽ
Friday, October 10, 2025 3:27 AM IST
സ്റ്റോക്ക്ഹോം: ഹംഗേറിയൻ എഴുത്തുകാരൻ ലാസ്ലോ ക്രാസ്നഹോർകയ്ക്ക് 2025ലെ സാഹിത്യത്തിനുള്ള നൊബേൽ സമ്മാനം. 2015ൽ മാൻ ബുക്കർ പ്രൈസ് നേടിയിട്ടുള്ള ഇദ്ദേഹം തത്ത്വചിന്തയും ഹാസ്യവും കലർന്ന എഴുത്തിന്റെ പേരിലാണ് അറിയപ്പെടുന്നത്.
1954 ജനുവരിയിൽ തെക്കുകിഴക്കൻ ഹംഗറിയിലെ ഗ്യൂലയിലാണ് ക്രാസ്നഹോർക ജനിച്ചത്. 1985ൽ ആദ്യ നോവൽ "സാതാൻതാങ്കോ’ പ്രസിദ്ധീകരിച്ചു. ഈ നോവലിന് 2015ൽ മാൻ ബുക്കർ പുരസ്കാരം ലഭിച്ചു.
ദ ടൂറിൻ ഹോഴ്സ്, എ മൗണ്ടൻ ടു ദ നോർത്ത്- എ ലേക്ക് ടു ദ സൗത്ത്-, പാത്ത്സ് ടു ദ വെസ്റ്റ്- എ റിവർ ടു ദി ഈസ്റ്റ്, ദ മെലങ്കളി ഓഫ് റെസിസ്റ്റൻസ് തുടങ്ങിയ ഒട്ടേറെ കൃതികൾ ക്രാസ്നഹോർക രചിച്ചിട്ടുണ്ട്. കാഫ്ക, ദസ്തയേവ്സ്കി തുടങ്ങിയ ഇതിഹാസ എഴുത്തുകാരുടെ സ്വാധീനത്തിൽ തന്റെ ശൈലിയെ വാർത്തെടുത്ത പ്രതിഭയാണ് ക്രാസ്നഹോർക.
ഹംഗേറിയൻ പ്രധാനമന്ത്രി വിക്തോർ ഓർബാന്റെ നിശിത വിമർശകനാണ് ക്രാസ്നഹോർക. റഷ്യയുടെ യുക്രെയ്ൻ അധിനിവേശത്തെ ഓർബാൻ എതിർക്കാത്തതിനെതിരേ ക്രാസ്നഹോർക കടുത്ത ഭാഷയിൽ വിമർശിച്ചിരുന്നു.
അതേസമയം, ലാസ്ലോ ക്രാസ്ഹോർകയെ അഭിനന്ദിച്ച് ഇന്നലെ ഓർബാൻ ഫേസ്ബുക്കിൽ പോസ്റ്റിട്ടു. ഹംഗറിയുടെ അഭിമാനം എന്നാണ് ക്രാസ്നഹോർകെയെ ഓർബൻ വിശേഷിപ്പിച്ചത്.
117 തവണയായി ഇതുവരെ 121 എഴുത്തുകാർക്ക് സാഹിത്യ നൊബേൽ ലഭിച്ചിട്ടുണ്ട്. സമാധാന നൊബേൽ ഇന്ന് പ്രഖ്യാപിക്കും. ഡിസംബർ പത്തിനു നടക്കുന്ന ചടങ്ങിൽ പുരസ്കാരങ്ങൾ സമ്മാനിക്കും. ദക്ഷിണകൊറിയൻ എഴുത്തുകാരിയായ ഹാൻ കാംഗിനാണ് 2024ൽ സാഹിത്യ നൊബേൽ ലഭിച്ചത്.