ട്രംപിന്റെ വെടിനിർത്തൽ നിർദേശം ബൈഡന്റേതിന്റെ തുടർച്ച
Friday, October 10, 2025 3:26 AM IST
ഗാസ യുദ്ധം അവസാനിപ്പിക്കാൻ അതിശക്തമായ നീക്കമാണ് യുഎസ് മുൻ പ്രസിഡന്റ് ജോ ബൈഡനും നടത്തിയത്.
ട്രംപ് ഇപ്പോൾ മുന്നോട്ടുവച്ച വെടിനിർത്തൽ നിർദേശങ്ങളോടു സമാനമായ നിർദേശങ്ങളാണ് 2024 മേയിൽ അന്നു പ്രസിഡന്റായിരുന്ന ജോ ബൈഡൻ മുന്നോട്ടുവച്ചത്. ഗാസ മുനമ്പിൽനിന്ന് ഇസ്രേലി സേന പിൻവാങ്ങിയാൽ ബന്ദികളെ മോചിപ്പിക്കുമെന്ന് ഹമാസ് സമ്മതിക്കുകയും ചെയ്തു.
എന്നാൽ, ഈ കരാർ അംഗീകരിക്കാൻ ഇസ്രേലി പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു തയാറായിരുന്നില്ല. മറിച്ച് ബന്ദിമോചനത്തിനായി യുദ്ധം തുടരുകയും ചെയ്തു.
അമേരിക്കയുടെ സഹായമില്ലാതെ യുദ്ധവുമായി ഇസ്രയേലിന് മുന്നോട്ടുപോകാനാകില്ലെന്നു വ്യക്തമായിട്ടും അതു ചൂഷണം ചെയ്യാൻ ബൈഡൻ സർക്കാർ തയാറായില്ല. മറിച്ച്, കൂടുതൽ സൈനികസഹായവും രാഷ്ട്രീയപിന്തുണയും നൽകുകയും ചെയ്തു.
ഗാസയിലെ യുദ്ധവും യുക്രെയ്നിലെ റഷ്യൻ അധിനിവേശവും ഉടൻ അവസാനിപ്പിക്കുമെന്നു പ്രഖ്യാപിച്ചുകൊണ്ടാണ് ഈവർഷം ജനുവരി 20ന് ഡോണൾഡ് ട്രംപ് അധികാരമേറ്റത്. ഖത്തറിന്റെ മധ്യസ്ഥതയിൽ പലകുറി ചർച്ച നടന്നെങ്കിലും പരാജയപ്പെട്ടു.
ഇസ്രയേലാകട്ടെ ഗാസയിൽ ആക്രമണം ശക്തമാക്കുകയും ഹമാസിന്റെ നേതൃനിരയെ തെരഞ്ഞുപിടിച്ച് വധിക്കുകയും ചെയ്തു. എന്നാൽ, കഴിഞ്ഞമാസം ഒന്പതിന് ഹമാസ് നേതാക്കളെ ലക്ഷ്യമിട്ട് ഇസ്രയേൽ ഖത്തർ തലസ്ഥാനമായ ദോഹയിൽ നടത്തിയ വ്യോമാക്രമണം കാര്യങ്ങൾ വീണ്ടും പ്രതിസന്ധിയിലാക്കി.
മധ്യസ്ഥചർച്ചകളിൽനിന്ന് പിന്മാറുന്നതായി ഖത്തർ പ്രഖ്യാപിച്ചു. സമാധാന നൊബേൽ മോഹം ലക്ഷ്യമിട്ട് വീണ്ടും അനുനയനീക്കങ്ങൾ തുടർന്ന ട്രംപ് ഖത്തറിനെ വരുതിയിലാക്കി വീണ്ടും അനുനയശ്രമങ്ങൾ പുനരാരംഭിക്കുകയും ചെയ്തു.