ചരിത്രനിമിഷം ഒപ്പിയെടുത്ത് ഐവാൻ വുച്ചിയുടെ കാമറ
Friday, October 10, 2025 3:26 AM IST
ഈജിപ്തിലെ കയ്റോയിൽ നടക്കുന്ന സമാധാനചർച്ചയുടെ മൂന്നാംദിവസം ഇസ്രയേലും ഹമാസും വെടിനിർത്തലിനു ധാരണയായി എന്ന വിവരം ലോകം ആദ്യമറിഞ്ഞത് അമേരിക്കൻ ഫോട്ടോഗ്രാഫറായ ഐവാൻ വുച്ചിയുടെ കാമറയിലൂടെ.
വൈറ്റ് ഹൗസിലെ സ്റ്റേറ്റ് ഡൈനിംഗ് റൂമിൽ ഒരു യോഗത്തിനുശേഷം മാധ്യമപ്രവർത്തകരുമായി സംസാരിക്കുന്നതിനിടയിലാണു യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ ഒരു കുറിപ്പ് ട്രംപിനു കൈമാറുന്നത്. പിന്നാലെ അദ്ദേഹത്തിന്റെ ചെവിയിൽ റൂബിയോ എന്തോ പറയുകയും ചെയ്തു.
കുനിഞ്ഞുനിൽക്കുന്ന റൂബിയോയുടെ ചിത്രം ഹാളിന്റെ അങ്ങേ കോണിൽനിന്നു പകർത്തുകയായിരുന്നു അസോസിയേറ്റഡ് പ്രസിന്റെ ഫോട്ടോഗ്രാഫറായ അമേരിക്കക്കാരൻ ഐവാൻ വുച്ചി. എടുത്ത ഫോട്ടോ ഡിസ്പ്ലേയിൽ പരിശോധിക്കവെയാണു ലോകം കാത്തിരിക്കുന്ന വാർത്തയാണെന്ന് വുച്ചി തിരിച്ചറിയുന്നത്.
“Very close. We need you to approve a Truth Social post soon so you can announce deal first”(/”യുദ്ധവിരാമത്തിന് കരാറായിരിക്കുന്നു. ട്രൂത്ത് സമൂഹമാധ്യമ പോസ്റ്റിന് ഉടൻതന്നെ അംഗീകാരം നൽകി താങ്കൾ കരാർ ആദ്യമായി പ്രഖ്യാപിക്കണമെന്ന് ഞങ്ങൾ അഭ്യർഥിക്കുന്നു) എന്നിങ്ങനെയായിരുന്നു കടലാസിലെ കുറിപ്പിൽ തെളിഞ്ഞുകണ്ടത്.
എന്താണ് അതിന്റെ അർഥമെന്നു മനസിലാക്കാൻ വർഷങ്ങളായി മാധ്യമപ്രവർത്തനം നടത്തുന്ന വുച്ചിക്ക് ആ കാഴ്ച മാത്രം മതിയായിരുന്നു.