“നൊബേൽ കിട്ടിയില്ലെങ്കിലും ട്രംപ് സമാധാന ദൗത്യങ്ങൾ തുടരും”
Saturday, October 11, 2025 4:59 AM IST
വാഷിംഗ്ടൺ ഡിസി: വെനസ്വേലൻ പ്രതിപക്ഷ നേതാവ് മരിയ മച്ചാഡോയ്ക്ക് സമാധാന നൊബേൽ പുരസ്കാരം നല്കിയതിനെ വിമർശിച്ച് വൈറ്റ്ഹൗസ്. സമാധാനത്തേക്കാൾ രാഷ്ട്രീയത്തിനാണ് നൊബേൽ കമ്മിറ്റി പ്രാധാന്യം നല്കുന്നതെന്ന് വൈറ്റ്ഹൗസ് വക്താവ് സ്റ്റീവൻ ചെയുംഗ് സോഷ്യൽ മീഡിയയിൽ പറഞ്ഞു. പ്രസിഡന്റ് ട്രംപിന് നൊബേൽ ലഭിക്കാത്ത പശ്ചാത്തലത്തിലാണ് വൈറ്റ്ഹൗസിന്റെ വിമർശനം.
പ്രസിഡന്റ് ട്രംപ് സമാധാന ധാരണകൾ ഉണ്ടാക്കുന്നതും യുദ്ധം അവസാനിപ്പിക്കുന്നതും ജീവൻ രക്ഷിക്കുന്നതും തുടരുമെന്ന് വൈറ്റ്ഹൗസ് വക്താവ് പറഞ്ഞു. മനുഷ്യത്വം നിറഞ്ഞ ഹൃദയമാണ് അദ്ദേഹത്തിനുള്ളത്. ഇച്ഛാശക്തികൊണ്ട് മലകളെ വരെ മാറ്റാൻ കഴിവുള്ള അദ്ദേഹത്തെപ്പോലൊരാൾ ഇല്ലെന്നും കൂട്ടിച്ചേർത്തു.
സമാധാന നൊബേൽ ലഭിക്കാനുള്ള ആഗ്രഹം ട്രംപ് പലവട്ടം പരസ്യമായി പറഞ്ഞിട്ടുണ്ട്. പുരസ്കാരം പ്രഖ്യാപിക്കുന്നതിനു തലേന്ന് ഗാസ വെടിനിർത്തലുണ്ടായപ്പോൾ ട്രംപിനു സാധ്യത വർധിച്ചതായി സൂചനയുണ്ടായിരുന്നു.