സമാധാന നൊബേൽ വെനസ്വേലയിലേക്ക്; മരിയ മച്ചാഡോയ്ക്ക് ആദരം
Saturday, October 11, 2025 4:59 AM IST
ഓസ്ലോ: ജനാധിപത്യ അവകാശങ്ങള്‍ക്കുവേണ്ടി അക്ഷീണപോരാട്ടം തുടരുന്ന വെനസ്വേലയിലെ പ്രതിപക്ഷനേതാവ് മരിയ കൊറിന മച്ചാഡോയ്ക്കു സമാധാന നൊബേല്‍.
സ്വേച്ഛാധിപത്യത്തില്‍നിന്ന് രാജ്യത്തെ കരകയറ്റുന്നതിനുള്ള ശ്രമങ്ങളാണ് ഉരുക്കുവനിതയെന്നറിയപ്പെടുന്ന മച്ചാഡോയുടെ പുരസ്കാര ലബ്ധിയില്‍ നിര്‍ണായകമായത്.
“വെനസ്വേലൻ ജനതയുടെ ജനാധിപത്യാവകാശങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനുള്ള നിരന്തരപ്രയത്നങ്ങൾക്കും സ്വേച്ഛാധിപത്യത്തില്‍നിന്ന് ജനാധിപത്യത്തിലേക്കുള്ള പരിവർത്തനത്തിന് ഊർജം പകർന്നതിനുമാണു പുരസ്കാരമെന്ന് നൊബേല്‍ കമ്മിറ്റി പ്രസ്താവനയില്‍ പറഞ്ഞു.1967ല്‍ വെനസ്വേലയിലാണ് മരിയ മച്ചാഡോയുടെ ജനനം. എന്‍ജിനീയറിംഗിലും ധനകാര്യമാനേജ്മെന്റിലും പഠനം പൂർത്തിയാക്കിയ അവർ കുറച്ചുകാലം വ്യാപാരമേഖലയില്‍ സജീവമായി. രാജ്യത്തെ സാമൂഹ്യ, രാഷ്ട്രീയകാരണങ്ങളാല്‍ താമസിയാതെ ജനങ്ങള്‍ക്കൊപ്പം അണിനിരക്കുകയായിരുന്നു.
കാരക്കാസിലെ തെരുവുബാല്യങ്ങളുടെ ഉന്നമനത്തിനായി 1992ല്‍ അറ്റീനിയ ഫൗണ്ടേഷന് എന്ന സംഘടന സ്ഥാപിച്ചായിരുന്നു തുടക്കം. രാജ്യത്തു സ്വതന്ത്രവും നീതിയുക്തവുമായ തെരഞ്ഞെടുപ്പുകള്‍ ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ പത്തുവർഷത്തിനുശേഷം ‘സുമാതെ’ എന്ന സംഘടനയ്ക്കും തുടക്കമിട്ടു. വോട്ടര്‍മാര്‍ക്കു പരിശീലനവും തെരഞ്ഞെടുപ്പ് മേല്നോട്ടവുമെല്ലാം നിർവഹിച്ചതോടെ ജനാധിപത്യാവകാശങ്ങളില്‍ സുതാര്യത ഉറപ്പാക്കുന്നതിനുള്ള മരിയ മച്ചാഡോയുടെയും സഹപ്രവർത്തകരുടെയും ശ്രമം ഫലംകാണുകയായിരുന്നു.
2010ല്‍ റിക്കാര്‍ഡ് വോട്ടുകളോടെ ദേശീയ അസംബ്ലിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. നിക്കോളാസ് മഡുറ സര്‍ക്കാരിന്റെ ശക്തയായ വിമര്ശകയെന്നു പേരെടുത്തതോടെ ദേശീയതലത്തിൽ ശ്രദ്ധാകേന്ദ്രമായി. എന്നാൽ രാജ്യത്തെ മനുഷ്യാവകാശലംഘനങ്ങളെക്കുറിച്ച് ഓര്ഗനൈസേഷന് ഓഫ് അമേരിക്കന്‍ സ്റ്റേറ്റ്സില്‍ സംസാരിച്ചതിനു പിന്നാലെ 2014ല്‍ ദേശീയ അസംബ്ലിയില്‍നിന്ന് ഏകപക്ഷിയമായി അവരെ പുറത്താക്കുകയായിരുന്നു. ഇതിനിടെ ലിബറല്പാര്ട്ടിയായ വെന്റെ വെനസ്വേലയുടെ രൂപീകരണത്തിലൂടെ അവർ ചെറുത്തുനിൽപ്പ് ശക്തമാക്കി.
ഇസ്രയേലുമായി ഏറെ അടുപ്പം പുലർത്തുന്ന നേതാവെന്ന വിമർശനം രാജ്യത്തിനകത്തുനിന്നും പുറത്തുനിന്നും അവർ ഏറ്റുവാങ്ങിയിട്ടുണ്ട്. സമൂഹമാധ്യമങ്ങളിലും സജീവസാന്നിധ്യമായ മരിയ മച്ചാഡോയ്ക്ക് എക്സില്‍ 62 ലക്ഷം അനുയായികളുണ്ട്, ഇന്‍സ്റ്റാഗ്രാമില്‍ 86 ലക്ഷം പേർ പിന്തുടരുകയും ചെയ്യുന്നു.ഭരണകൂടത്തിന്റെ ഭീഷണിയും അടിച്ചമര്‍ത്തലും മൂലം 14 മാസമായി അവർ ഒളിവിലാണെന്ന് ദ ന്യൂയോര്‍ക്ക് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു. വെനസ്വേലയിൽ കഴിഞ്ഞവർഷം നടന്ന വിവാദ പ്രസിഡന്റ് തെരഞ്ഞെടുപ്പിനു പിന്നാലെയാണ് ഒളിവുജീവിതം തുടങ്ങിയത്.
സമാധാന നൊബേൽ പുരസ്കാരത്തിനായി 338 പേരെയാണ് ഇത്തവണ പരിഗണിച്ചത്, 94 സംഘടനകളെയും. സമാധാന നൊബേൽ വേണമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പരസ്യമായി ആവശ്യപ്പെടുകയും ചെയ്തിരുന്നു. ആല്‍ഫ്രഡ് നൊബേലിന്റെ ചരമവാര്‍ഷിക ദിനമായ ഡിസംബര്‍ 10ന് ഓസ്ലോ യിലാണു പുരസ്കാരദാനം.