ബന്ദികളെ മോചിപ്പിക്കാൻ ഹമാസിന് 72 മണിക്കൂർ
Saturday, October 11, 2025 4:59 AM IST
കയ്റോ: വെടിനിർത്തൽ പ്രാബല്യത്തിൽവന്ന് 72 മണിക്കൂറികനം ഇസ്രലി ബന്ദികളിൽ ജീവനോടെയുള്ള 20 പേരെ ഹമാസ് ഭീകരർ മോചിപ്പിക്കണം എന്നാണ് ധാരണ. ഇതുപ്രകാരം ഹമാസിന് തിങ്കളാഴ്ച ഉച്ചയ്ക്കു 12.00 വരെയാണ് സമയമുള്ളത്.
ബന്ദിമോചനം എവിടെവച്ച്, ആരുടെ സഹായത്താൽ നടപ്പാക്കും എന്നറിയിച്ചിട്ടില്ല. മുന്പുണ്ടായ രണ്ട് വെടിനിർത്തലുകളിൽ ഗാസയിലെ ഇസ്രേലി ബന്ദികളെയും ഇസ്രേലി ജയിലുകളിലെ പലസ്തീനികളെയും സ്വീകരിച്ചു കൈമാറിയത് റെഡ് ക്രോസ് ആയിരുന്നു.
ഗാസയിൽ 48 ഇസ്രേലി ബന്ദികളാണുള്ളത്. 28 പേരുടെ മൃതദേഹങ്ങളും ഹമാസ് കൈമാറേണ്ടതുണ്ട്. ഇതിന് എത്രനാളെടുക്കും എന്നതിലും വ്യക്തതയില്ല. സംസ്കരിച്ച ബന്ദി മൃതദേഹങ്ങൾ വീണ്ടെടുക്കാൻ ഹമാസിന് സമയം വേണ്ടിവരും.
ജീവനോടെയുള്ള ബന്ദികളുടെ മോചനത്തിൽ മുന്പ് നടന്നതുപോലെ പൊതുവേദികളിൽ പ്രദർശനവും പരേഡും ഉണ്ടാവില്ലെന്നാണ് ഇസ്രേലി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. മാധ്യമപ്രവർത്തകരെയും അനുവദിക്കില്ലെന്നാണ് സൂചന.
ഗാസയിലെ ബന്ദികളെയും ഇസ്രേലി ജയിലുകളിൽനിന്ന് മോചിതരാകുന്ന പലസ്തീൻ തടവുകാരെയും കൈമാറുന്നതിന് സഹായിക്കാമെന്ന് റെഡ് ക്രോസ് അറയിച്ചു. ഗാസയിൽ സഹായവിതരണത്തിനു സഹായിക്കാനും തയാറാണെന്ന് അറിയിപ്പിൽ പറയുന്നു.
ഗാസയിൽ മടക്കയാത്ര
കയ്റോ: വെടിനിർത്തലിന്റെ ഭാഗമായി ഇസ്രേലി സേന പിന്മാറായി ഗാസ പ്രദേശങ്ങളിലേക്ക് പലസ്തീനികൾ തിരിച്ചെത്താൻ തുടങ്ങി. യുദ്ധത്തിലെ നാശനഷ്ടങ്ങൾക്കിടയിലൂടെ ഗാസ സിറ്റി ലക്ഷ്യമാക്കി പതിനായിരക്കണക്കിനു പലസ്തീനികൾ യാത്ര ചെയ്യുന്ന ദൃശ്യങ്ങൾ പുറത്തുവന്നു.
അവസാന നാളുകളിൽ ഇസ്രേലി സേന ആക്രമണം കേന്ദ്രീകരിച്ചിരുന്ന ഗാസ സിറ്റിയിൽ വലിയ തോതിലുള്ള നാശമാണുണ്ടായത്.
ഗാസയിൽ ഏറ്റവും കൂടുതൽ പേർ പാർത്തിരുന്ന നഗരത്തിലുണ്ടായിരുന്നവരിൽ ഭൂരിഭാഗവും തെക്കൻ മേഖലയിലേക്കു പലായനം ചെയ്തിരുന്നു. തിരികെയെത്താൻ ഇവർക്കു കിലോമീറ്ററുകൾ നടക്കേണ്ടതുണ്ട്. നിശിച്ചുകിടക്കുന്ന തീരദേശ റോഡിൽക്കൂടിയാണ് ഭൂരിഭാഗം പേരും മടങ്ങുന്നത്.
കയ്റോയിൽ അംഗീകരിച്ച ധാരണ അനുസരിച്ചാണ് ഇസ്രേലി സേന ഗാസയുടെ ചില പ്രദേശങ്ങളിൽനിന്ന് പിന്മാറിയത്. ഇന്നലെ ഉച്ചയ്ക്കു സേനാ പിന്മാറ്റം പൂർത്തിയായി. അതേസമയം ഗാസയുടെ ഏതാണ്ടു പകുതി ഇപ്പോഴും ഇസ്രേലി സേനയുടെ നിയന്ത്രണത്തിലാണ്.