അപൂർവ ഭൗമ ധാതുക്കൾ; 100 ശതമാനം അധിക തീരുവ പ്രഖ്യാപിച്ച് യുഎസ്
Saturday, October 11, 2025 11:44 PM IST
ബെയ്ജിംഗ്/ വാഷിംഗ്ടണ് ഡിസി: യുഎസുമായുള്ള വ്യാപാര ചർച്ചകൾ തുടരുന്നതിനിടെ, നൂതന സാങ്കേതിക ഉത്പാദനത്തിന് നിർണായകമായ അപൂർവ ഭൗമ ധാതുക്കളുടെയും മറ്റ് വസ്തുക്കളുടെയും കയറ്റുമതി നിയന്ത്രണം ചൈന കർശനമാക്കി. ഇതിന് പിന്നാലെ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് എല്ലാ ചൈനീസ് ഉത്പന്നങ്ങൾക്കും 100 ശതമാനം അധിക തീരുവ പ്രഖ്യാപിച്ചു.
“ചൈന ഇത്തരമൊരു നീക്കം നടത്തുമെന്ന് വിശ്വസിക്കാൻ കഴിയുന്നില്ല. പക്ഷേ അവർ ചെയ്തു. ബാക്കിയെല്ലാം ചരിത്രം.”- ട്രംപ് ട്രൂത്ത് സോഷ്യലിൽ കുറിച്ചു. ചൈനയ്ക്കെതിരേയുള്ള പുതിയ തീരുവ നവംബർ ഒന്നു മുതൽ നിലവിൽവരും. കൂടാതെ യുഎസ് നിർമിത നിർണായ സോഫ്റ്റ്വേറുകൾക്ക് കർശനമായ കയറ്റുമതി നിയന്ത്രണങ്ങൾ ഏർപ്പെടുത്തുമെന്നും പ്രഖ്യാപിച്ചു. ദക്ഷിണ കൊറിയയിൽ ഏഷ്യ-പസഫിക് സാന്പത്തിക സഹകരണ ഉച്ചകോടിയിൽ ട്രംപും ഷി ചിൻപിംഗും കൂടിക്കാഴ്ച നടത്തുമെന്നാണ് കരുതിയത്. എന്നാൽ പുതിയ സംഭവവികാസങ്ങളോടെ ഈ കൂടിക്കാഴ്ചയുടെ കാര്യം സംശയത്തിലായി.
അപൂർവ ഭൗമ ധാതുക്കളുടെ ആഗോള വിതരണത്തിന്റെ 70 ശതമാനവും സംസ്കരണ ശേഷിയുടെ 90 ശതമാനവും ചൈനയാണ് നിയന്ത്രിക്കുന്നത്. ബെയ്ജിംഗ് ഇതിനകംതന്നെ പ്രോസസിംഗ് സാങ്കേതികവിദ്യയും അനധികൃതമായി വിദേശ സഹകരണവും നിയന്ത്രിച്ചിരുന്നു. ചെറിയ അളവിൽ അപൂർവ ഭൗമ ധാതുക്കൾ അടങ്ങിയ ഉത്പന്നങ്ങൾ കയറ്റുമതി ചെയ്യുന്നതിന് പോലും വിദേശ കന്പനികൾക്ക് ഇപ്പോൾ ചൈനീസ് സർക്കാരിന്റെ അനുമതി ആവശ്യമാണ്, കൂടാതെ അവയുടെ ഉപയോഗ ഉദ്ദേശ്യം വിശദീകരിക്കുകയും വേണം.
ആഗോള സാങ്കേതിക വിതരണ ശൃംഖലയിലെ അവശ്യഘടകങ്ങളുടെയും ചൈനയിൽ പ്രധാനമായും ഉത്പാദിപ്പിക്കപ്പെടുന്ന ലിഥിയം ബാറ്ററികളുടെയും ചിലതരം ഗ്രാഫൈറ്റുകളുടെയും കയറ്റുമതിയിലും സമാനമായ നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചു.
ദേശീയ സുരക്ഷ സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നിയന്ത്രണങ്ങൾ നടപ്പിലാക്കുന്നതെന്ന് ബെയ്ജിംഗ് പറഞ്ഞു. ഈ നിയന്ത്രണങ്ങളുടെ പ്രധാന ലക്ഷ്യങ്ങളിലൊന്ന് ചൈനയിൽനിന്നുള്ള അപൂർവ ധാതുക്കളെ ആശ്രയിക്കുന്ന യുഎസ് ഉൾപ്പെടെയുള്ള വിദേശ പ്രതിരോധ മേഖലയിലെ നിർമാതാക്കൾക്ക് തിരിച്ചടി നൽകുകയെന്നതാണ്.
യുഎസുമായുള്ള വ്യാപാരയുദ്ധം രൂക്ഷമായതോടെ, ഏപ്രിലിൽ ചൈന നിരവധി അപൂർവ ഭൗമ ധാതുക്കുളുടെയും അനുബന്ധ വസ്തുക്കളുടെയും കയറ്റുമതിയിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു. ഇത് ആഗോളതലത്തിൽ വലിയ ക്ഷാമത്തിന് കാരണമായി. ഏപ്രിലിൽ ഏഴ് അപൂർവ ലോഹങ്ങളുടെ കയറ്റുമതി ചൈന നിയന്ത്രിച്ചിരുന്നു. ഇതിന് പുറമെ ഇപ്പോൾ അഞ്ച് ലോഹങ്ങളിൽ കൂടി നിയന്ത്രണം കൊണ്ടുവന്നിരിക്കുകയാണ്.
ഹോൾമിയം, എർബിയം, തൂലിയം, യൂറോപ്പിയം, യെറ്റർബിയം എന്നീ ലോഹങ്ങൾക്കാണ് നിലവിൽ നിയന്ത്രണമേർപ്പെടുത്തിയത്. സമരിയം, ഗാഡോലിനിയം, ടെർബിയം, ഡിസ്പ്രോസിയം, ലുട്ടീഷ്യം, സ്കാർഡിയം, യട്രിയം എന്നീ ലോഹങ്ങളുടെ കയറ്റുമതിയാണ് ഈ വർഷത്തിന്റെ തുടക്കത്തിൽ നിയന്ത്രിച്ചത്.
ലാന്റനൈഡുകൾ എന്നറിയപ്പെടുന്ന 15 സിൽവറി വൈറ്റ് ലോഹങ്ങൾ ഉൾപ്പെടുന്ന 17 മൂലകങ്ങളുടെ ഒരു കൂട്ടമാണ് അപൂർവ ഭൗമ ധാതുക്കൾ. ഈ അപൂർവ ഭൗമ ധാതുക്കുളിൽ സ്കാൻഡിയം, യിട്രിയം എന്നിവയും ഉൾപ്പെടുന്നു. ഇവയിൽ 12 എണ്ണത്തിനും ചൈന കയറ്റുമതി നിയന്ത്രണം കൊണ്ടുവന്നു.
സ്മാർട്ട്ഫോണുകൾ, ടെലിവിഷനുകൾ തുടങ്ങിയ ഹൈടെക് ഇലക്ട്രോണിക്സ് ഉപകരണങ്ങളിൽ മാത്രമല്ല ഇലക്ട്രിക് വാഹനങ്ങൾ, വിമാന എൻജിനുകൾ എന്നിവയുടെ നിർമാണത്തിലും മിസൈലുകൾ, റഡാർ സംവിധാനം പോലുള്ള സൈനിക വസ്തുക്കളുടെ നിർമാണത്തിനും നിർണായക ഘടകമാണ്.
അപൂർവ ലോഹങ്ങൾ ശുദ്ധീകരിക്കാൻ ഉപയോഗിക്കുന്ന പ്രത്യേക സാങ്കേതിക ഉപകരണങ്ങളുടെ കയറ്റുമതിയിലും ചൈന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. ഈ നിയന്ത്രണങ്ങളെല്ലാം ഡിസംബർ 1 മുതൽ പ്രാബല്യത്തിൽ വരുമെന്നാണ് കരുതുന്നത്.
നവംബർ 1 മുതൽ 100 ശതമാനം അധിക തീരുവ വരുന്നതോടെ ചൈനയിൽനിന്ന് യുഎസിൽ എത്തുന്ന ഉത്പന്നങ്ങൾക്ക് ഇതോടെ മൊത്തം തീരുവ 130 ശതമാനമായേക്കും. നിലവിൽ ചൈനയ്ക്കു മേൽ 30 ശതമാനവും തീരുവയും ഇതിനെതിരേ ചൈന യുഎസിനു മേൽ 10 ശതമാനം തീരുവയുമാണ് ചുമത്തുന്നത്. ഇതേടെ യുഎസ് ഏറ്റവുമധികം തീരുവ ചുമത്തുന്ന രാജ്യമായി ചൈന മാറും. നിലവിൽ 50 ശതമാനം തീരുവയുള്ള ഇന്ത്യയും ബ്രസീലുമാണ് മുന്നിൽ.