ഇന്‍ഡെല്‍ മണി കടപ്പത്രങ്ങളിലൂടെ 300 കോടി സമാഹരിക്കുന്നു
Saturday, October 11, 2025 4:53 AM IST
കൊച്ചി: കേരളം ആസ്ഥാനമായ മുൻനിര ബാങ്കിംഗ് ഇതര ധനകാര്യ കമ്പനിയും സ്വര്‍ണ വായ്പാ വിതരണരംഗത്തെ മുന്‍ നിരക്കാരുമായ ഇന്‍ഡെല്‍ മണി ലിമിറ്റഡ്, ഓഹരിയാക്കി മാറ്റാന്‍ കഴിയാത്ത സംരക്ഷിത കടപ്പത്രങ്ങളിലൂടെ (എന്‍സിഡി) 300 കോടി രൂപ സമാഹരിക്കുന്നു. 13ന് ആരംഭിക്കുന്ന ഇഷ്യു 28ന് സമാപിക്കും.
പലിശനിരക്ക് പ്രതിവര്‍ഷം 12.25 ശതമാനമാണ്. മുഖവില 1000 രൂപ. അടിസ്ഥാന ഇഷ്യു 150 കോടി രൂപയുടേതാണെങ്കിലും ബിഎസ്ഇയില്‍ രജിസ്റ്റര്‍ ചെയ്യുന്ന കടപ്പത്രങ്ങളുടെ ആറാം ഇഷ്യുവിലൂടെ 300 കോടി രൂപ വരെ അധികം സ്വരൂപിക്കാനുള്ള അനുമതിയുണ്ട്. 72 മാസംകൊണ്ടു നിക്ഷേപം ഇരട്ടിക്കുന്ന കടപ്പത്രങ്ങള്‍ക്ക് പ്രതീക്ഷിച്ചതിലധികം ആവശ്യക്കാരുണ്ടായാല്‍ ഇഷ്യു നിശ്ചിത തീയതിക്കുമുമ്പ് അവസാനിക്കും.
ഇതിനുമുമ്പ് ഇറങ്ങിയ ഇഷ്യു എല്ലാം ഓവര്‍ സബ്സ്ക്രൈബ്ഡായിരുന്നു. അതിനാല്‍ ഇത്തവണയും അതേ ശുഭാപ്തി വിശ്വാസത്തിലാണ്. കമ്പനിയില്‍ ജനങ്ങള്‍ക്കുള്ള വിശ്വാസമാണ് തങ്ങളെ മുന്നോട്ടുനയിക്കുന്നതെന്നും ഇഷ്യുവിലൂടെ സമാഹരിക്കുന്ന പണം തുടര്വായ്പകള്ക്കായും ബ്രാഞ്ചുകളുടെ ശൃംഖല വികസിപ്പിക്കുന്നതിനുമാകും വിനിയോഗിക്കുകയെന്നും ഇന്‍ഡെല്‍ മണി എക്സിക്യൂട്ടീവ് ഡയറക്ടറും സിഇഒയുമായ ഉമേഷ് മോഹനന് പറഞ്ഞു.