ആദ്യം ഇറങ്ങി, പിന്നെ കയറി
Saturday, October 11, 2025 4:53 AM IST
കൊച്ചി: സംസ്ഥാനത്ത് ഇന്നലെ രാവിലെ വന്‍ ഇടിവിലേക്കു പോയ സ്വര്‍ണവില ഉച്ചയ്ക്കുശേഷം വീണ്ടും തിരിച്ചുകയറി. ഇസ്രയേല്‍-ഹമാസ് സമാധാന കരാറിനെത്തുടര്‍ന്ന് അന്താരാഷ്ട്ര സ്വര്‍ണവില ട്രോയ് ഔണ്‍സിന് 3,964 ഡോളറില്‍ എത്തിയതോടെ ഇന്നലെ രാവിലെ സ്വര്‍ണവില നിശ്ചയിക്കുമ്പോള്‍ ഗ്രാമിന് 170 രൂപയും പവന് 1,360 രൂപയും കുറഞ്ഞ് യഥാക്രമം ഗ്രാമിന് 11,210 രൂപയും പവന് 89,680 രൂപയുമായിരുന്നു.
അന്താരാഷ്ട്ര സ്വര്‍ണവില ട്രോയ് ഔണ്‍സിന് 3,960 ഡോളര്‍ വരെ കുറഞ്ഞ് ചെറിയ ചലനങ്ങള്‍ക്കുശേഷം ഉച്ചകഴിഞ്ഞ് മൂന്നോടെ വര്‍ധിച്ചു. ട്രോയ് ഔണ്‍സിന് 4,002 ഡോളറിലേക്ക് തിരിച്ചെത്തിയതിനെത്തുടര്‍ന്ന് വില വര്‍ധിച്ചു.
ഗ്രാമിന് 130 രൂപയും പവന് 1,040 രൂപയും വര്‍ധിച്ച് യഥാക്രമം ഗ്രാമിന് 11,340 രൂപയും പവന് 90,720 രൂപയുമായിട്ടാണു നിലവില്‍ വ്യാപാരം നടക്കുന്നത്. വ്യാഴാഴ്ച അന്താരാഷ്ട്ര സ്വര്‍ണവില ട്രോയ് ഔണ്‍സിന് 4058 - 60 ഡോളര്‍ വരെ പോയിരുന്നു.
പശ്ചിമേഷ്യയിലെ സംഘര്‍ഷങ്ങളില്‍ അയവ് വന്നതിനെത്തുടര്‍ന്ന് ഓണ്‍ലൈന്‍ ട്രേഡിംഗ് നടത്തുന്ന വന്‍കിട നിക്ഷേപകര്‍ ലാഭമെടുത്തു പിരിഞ്ഞതോടെ സ്വര്‍ണവില ഇടിയുകയായിരുന്നു. സമാധാനകരാറിന്റെ ചലനങ്ങള്‍ മൂലം സ്വര്‍ണവിലയില്‍ വലിയ ചാഞ്ചാട്ടങ്ങള്ക്കാണു സാധ്യത കാണുന്നതെന്ന് ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ്സ് അസോസിയേഷന് സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. എസ്. അബ്ദുള്‍ നാസര്‍ പറഞ്ഞു. ഓണ്‍ലൈന്‍ ട്രേഡിംഗ് നടത്തുന്ന നിക്ഷേപകര്‍ ഏതു വിലയ്ക്കും സ്വര്‍ണം തിരിച്ചുവാങ്ങുന്നതാണ് വിലവര്‍ധനയ്ക്കു മറ്റൊരു കാരണം.