രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ ശുഭ്മാന്‍ ഗില്ലിനു സെഞ്ചുറി, ഇന്ത്യ 518/5 ഡിക്ല.
Sunday, October 12, 2025 12:41 AM IST
ന്യൂഡല്‍ഹി: വെസ്റ്റ് ഇന്‍ഡീസിന് എതിരായ രണ്ടാം ടെസ്റ്റ് ക്രിക്കറ്റിന്റെ രണ്ടാംദിനമായ ഇന്നലെ ഓപ്പണര്‍ യശസ്വി ജയ്സ്വാള്‍ 175 റണ്‍സുമായി റണ്ണൗട്ടായതായിരുന്നു അരുണ്‍ ജയ്റ്റ്ലി സ്റ്റേഡിയത്തിലെ ആദ്യ സംഭവം.
ഇരട്ടസെഞ്ചുറിയിലേക്കു കുതിക്കുമെന്നു തോന്നിപ്പിച്ച് ഒന്നാംദിനം 173 റണ്‍സുമായി ക്രീസ് വിട്ട യശസ്വി ജയ്സ്വാള്‍, രണ്ടാംദിനത്തിലെ രണ്ടാം ഓവറിന്റെ രണ്ടാം പന്തിലായിരുന്നു ഇല്ലാത്ത റണ്ണിനായി ശ്രമിച്ച് റണ്ണൗട്ടായത്.
നോണ്‍ സ്ട്രൈക്കര്‍ എന്‍ഡിലായിരുന്ന ഗില്‍, ജയ്സ്വാളിനെ മടക്കി അയച്ചപ്പോഴേക്കും വൈകിയിരുന്നു. എന്നാല്‍, 10-ാം ടെസ്റ്റ് സെഞ്ചുറിയിലൂടെ ക്യാപ്റ്റന്‍ ഗില്ലിന്റെ പകര്‍ന്നാട്ടമായിരുന്നു പിന്നീട് കണ്ടത്. അതോടെ രണ്ടാംദിനത്തിന്റെ പകുതിയില്‍വച്ച് അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 518 റണ്‍സ് എന്ന നിലയില്‍ ഇന്ത്യ ഒന്നാം ഇന്നിംഗ്സ് ഡിക്ലയര്‍ ചെയ്തു.
സ്പിന്നര്‍മാരായ രവീന്ദ്ര ജഡേജ മൂന്നും കുല്‍ദീപ് യാദവ് ഒരു വിക്കറ്റും വീഴ്ത്തിയപ്പോള്‍ രണ്ടാംദിനം മത്സരം അവസാനിച്ചപ്പോള്‍ വിന്‍ഡീസ് ഒന്നാം ഇന്നിംഗ്സ് 140/4 എന്ന നിലയില്‍. ആറ് വിക്കറ്റ് കൈയിലിരിക്കേ ഇനിയും 179 റണ്‍സ് നേടിയാല്‍ മാത്രമേ വെസ്റ്റ് ഇന്‍ഡീസിന് ഫോളോ ഓണ്‍ ഒഴിവാക്കാനാകൂ
ക്യാപ്റ്റന്റെ കളി
196 പന്ത് നേരിട്ട് രണ്ട് സിക്സും 16 ഫോറും ഉള്‍പ്പെടെ 129 റണ്‍സുമായി ശുഭ്മാന്‍ ഗില്‍ പുറത്താകാതെ നിന്നു. അഞ്ചും ആറും നമ്പറില്‍ ക്രീസിലെത്തിയ നിതീഷ് കുമാര്‍ റെഡ്ഡിയും ധ്രുവ് ജുറെലും അര്‍ധസെഞ്ചുറിക്കരികെ പുറത്തായി. 54 പന്തില്‍ രണ്ട് സിക്സും നാല് ഫോറും അടക്കം നിതീഷ് കുമാര്‍ 43 റണ്‍സ് നേടി. 79 പന്തില്‍ അഞ്ച് ഫോറിന്റെ സഹായത്തോടെ 44 റണ്‍സായിരുന്നു ജുറെല്ലിന്റെ സമ്പാദ്യം. ജുറെല്‍ പുറത്തായതോടെ ഇന്ത്യ ഇന്നിംഗ്സ് ഡിക്ലയര്‍ ചെയ്തു.
ജയ്സ്വാളിനൊപ്പം മൂന്നാം വിക്കറ്റില്‍ 74 റണ്‍സിന്റെയും നിതീഷ് കുമാറിനൊപ്പം നാലാം വിക്കറ്റില്‍ 91 റണ്‍സിന്റെയും കൂട്ടുകെട്ട് ശുഭ്മാന്‍ ഗില്‍ ഉണ്ടാക്കി. ഗില്‍-ജുറെല്‍ അഞ്ചാം വിക്കറ്റ് കൂട്ടുകെട്ട് 102 റണ്‍സും നേടി. എല്ലാ വിക്കറ്റ് കൂട്ടുകെട്ടിലും ഇന്ത്യ 50+ സ്കോര്‍ നേടിയെന്നതും ശ്രദ്ധേയം.
സായ് ക്യാച്ച്..!
അഹമ്മദാബാദില്‍ നടന്ന ഒന്നാം ടെസ്റ്റിന്റെ രണ്ട് ഇന്നിംഗ്സിലും ഒരു അര്‍ധസെഞ്ചുറി കൂട്ടുകെട്ടുപോലും കണ്ടെത്താന്‍ സാധിക്കാതിരുന്ന വെസ്റ്റ് ഇന്‍ഡീസ് ഡല്‍ഹിയിലെ സ്ലോ പിച്ചില്‍ രണ്ടാം വിക്കറ്റില്‍ 66 റണ്‍സ് നേടി. ഒന്നാം ടെസ്റ്റില്‍ അലിക്ക് അത്തനാസെയായിരുന്നു (38) രണ്ട് ഇന്നിംഗ്സിലുമായി വിന്‍ഡീസിന്റെ ടോപ് സ്കോറര്‍. ഇന്നലെ അത്തനാസെ 84 പന്തില്‍ 41 റണ്‍സ് നേടിയാണ് മടങ്ങിയത്. കുല്‍ദീപ് യാദവിനായിരുന്നു വിക്കറ്റ്.
വിന്‍ഡീസ് ക്യാപ്റ്റന്‍ റോസ്റ്റണ്‍ ചേസിനെ (0) റിട്ടേണ്‍ ക്യാച്ചിലൂടെ മടക്കിയ രവീന്ദ്ര ജഡേജ, ഓപ്പണര്‍മാരായ ജോണ്‍ കാംബല്‍ (10), തഗ്നരെയ്ന്‍ ചന്ദര്‍പോള്‍ (34) എന്നിവരുടെ വിക്കറ്റുകളും സ്വന്തമാക്കി. ഷായ് ഹോപ്പും (31) ടെവിന്‍ ഇംലാച്ചുമാണ് (14) രണ്ടാംദിനം അവസാനിക്കുമ്പോള്‍ ക്രീസിലുണ്ടായിരുന്നത്.
ജോണ്‍ കാംബലിനെ പുറത്താക്കാന്‍ ഇന്ത്യയുടെ സായ് സുദര്ശന് എടുത്ത ക്യാച്ച് തരംഗം സൃഷ്ടിച്ചു. ജഡേജയ്ക്കെതിരേ സ്വീപ് ഷോട്ട് കൃത്യമായി എടുത്ത കാംബലിനെ, ഷോര്‍ട്ട് ലെഗില്‍ ഹെല്‍മറ്റും പാഡും അണിഞ്ഞ് ഫീല്‍ഡ് ചെയ്ത സായ് കൈപ്പിടിയില്‍ ഒതുക്കി. ഷോട്ടില്നിന്നു രക്ഷപ്പെടാനായി ശ്രമിക്കുന്നതിനിടെ സായിയുടെ ഹെല്മറ്റില്കൊണ്ട പന്ത് കൈക്കുള്ളില്‍ കുരുങ്ങുകയായിരുന്നു..!
സ്കോർബോർഡ്
ഇന്ത്യ ഒന്നാം ഇന്നിംഗ്സ്: ജയ്സ്വാള്‍ റണ്ണൗട്ട് 175, രാഹുല്‍ സ്റ്റംപ്ഡ് ബി വാരിക്കാന്‍ 38, സായ് എല്‍ബിഡബ്ല്യു ബി വാരിക്കാന്‍ 87, ഗില്‍ നോട്ടൗട്ട് 129, നിതീഷ് കുമാര്‍ റെഡ്ഡി സി സീല്‍സ് ബി വാരിക്കാന്‍ 43, ജുറെല്‍ ബി ചേസ് 44, എക്സ്ട്രാസ് 5, ആകെ 134.2 ഓവറില്‍ 518/5 ഡിക്ലയേര്‍ഡ്.
വിക്കറ്റ് വീഴ്ച: 1-58, 2-251, 3-325, 4-416, 5-518.
ബൗളിംഗ്: ജെയ്ഡന്‍ സീല്‍സ് 22-2-88-0, ആന്ഡേഴ്സണ് ഫിലിപ്പ് 17-2-71-0, ജസ്റ്റിന് ഗ്രീവ്സ് 14-1-58-0, ഖാരി പിയെര്‍ 30-2-120-0, വാരിക്കാന്‍ 34-6-98-3, റോസ്റ്റണ്‍ ചേസ് 17.2-0-83-1.
വെസ്റ്റ് ഇന്‍ഡീസ് ഒന്നാം ഇന്നിംഗ്സ്: ജോണ്‍ കാംബല്‍ സി സുദര്ശന് ബി ജഡേജ 10, തഗ്നരെയ്ന്‍ ചന്ദര്‍പോള്‍ സി രാഹുല്‍ ബി ജഡേജ 34, അത്തനാസെ സി ജഡേജ ബി കുല്‍ദീപ് 41, ഹോപ്പ് നോട്ടൗട്ട് 31, റോസ്റ്റണ്‍ ചേസ് സി & ബി ജഡേജ 0, ഇംലാച്ച് നോട്ടൗട്ട് 14, എക്സ്ട്രാസ് 10, ആകെ 43 ഓവറില്‍ 140/4.
വിക്കറ്റ് വീഴ്ച: 1-21, 2-87, 3-106, 4-107. ബൗളിംഗ്: ബുംറ 6-3-18-0, സിറാജ് 4-0-9-0, ജഡേജ 14-3-37-3, കുല്‍ദീപ് 12-3-45-1, വാഷിംഗ്ടണ്‍ 7-1-23-0.
കോഹ്ലിക്കൊപ്പം ഗില്‍
ഒരു കലണ്ടര്‍ വര്‍ഷത്തില്‍ ക്യാപ്റ്റനായി ഏറ്റവും കൂടുതല്‍ സെഞ്ചുറി എന്ന വിരാട് കോഹ്ലിയുടെ ലോക റിക്കാര്‍ഡിനൊപ്പം ശുഭ്മാന്‍ ഗില്‍. 2025ല്‍ ശുഭ്മാന്‍ ഗില്ലിന്റെ അഞ്ചാം ടെസ്റ്റ് സെഞ്ചുറിയാണ് ഇന്നലെ ഡല്‍ഹിയില്‍ വിന്‍ഡീസ് എതിരേ പിറന്നത്.
2017, 2018 വര്‍ഷങ്ങളില്‍ കോഹ്ലി അഞ്ച് സെഞ്ചുറി വീതം നേടിയിരുന്നു. അതേസമയം, ക്യാപ്റ്റനായി ചുമതലയേറ്റ വര്‍ഷം ഏറ്റവും കൂടുതല്‍ സെഞ്ചുറി എന്ന റിക്കാര്‍ഡ് ശുഭ്മാന്‍ ഗില്‍ സ്വന്തം പേരില്‍ കുറിച്ചു.
ടെസ്റ്റ് ക്യാപ്റ്റന്‍ എന്നനിലയില്‍ ഏറ്റവും കുറവ് ഇന്നിംഗ്സില്‍ അഞ്ച് സെഞ്ചുറി നേടുന്നതില്‍ ഓസ്ട്രേലിയന്‍ ഇതിഹാസം ഡൊണാള്‍ഡ് ബ്രാഡ്മാനെ (13 ഇന്നിംഗ്സ്) ഗില്‍ മറികടന്ന് മൂന്നാമതെത്തി. 12-ാം ഇന്നിംഗ്സിലാണ് ഗില്‍ അഞ്ചാം സെഞ്ചുറി നേടിയത്. ഇംഗ്ലണ്ടിന്റെ അലിസ്റ്റര്‍ കുക്ക് (9 ഇന്നിംഗ്സില്‍) ഇന്ത്യയുടെ സുനില്‍ ഗാവസ്കര്‍ (10 ഇന്നിംഗ്സില്‍) എന്നിവരാണ് ഒന്നും രണ്ടും സ്ഥാനങ്ങളില്‍.
ക്യാപറ്റന്റെ ശരാശരി
ക്യാപ്റ്റന്‍ എന്ന നിലയില്‍ ശുഭ്മാന്‍ ഗില്ലിന്റെ ടെസ്റ്റ് ബാറ്റിംഗ് ശരാശരി 84.81 ആണ്. ചുരുങ്ങിയത് ഏഴ് ടെസ്റ്റില്‍ ക്യാപ്റ്റനായവരുടെ കണക്കാണിത്. ഡൊണാള്‍ഡ് ബ്രാഡ്മാന് മാത്രമാണ് ഗില്ലിനു മുന്നില്‍ ഇക്കാര്യത്തിലുള്ളത്.
ക്യാപ്റ്റന്‍ എന്ന നിലയില്‍ ബ്രാഡ്മാന്റെ ബാറ്റിംഗ് ശരാശരി 101.51 ആണ്. ശ്രീലങ്കയുടെ കുമാര്‍ സംഗക്കാര (69.60), ഓസ്ട്രേലിയയുടെ സ്റ്റീവ് സ്മിത്ത് (68.98) എന്നിവരാണ് പട്ടികയില്‍ മൂന്നും നാലും സ്ഥാനങ്ങളില്‍.