വിവിധ രാജ്യങ്ങളിലെ കരസേനാ മേധാവിമാർ ഡൽഹിയിലെത്തും
Sunday, October 12, 2025 2:20 AM IST
ന്യൂഡൽഹി: ഐക്യരാഷ്ട്രസഭയുടെ സൈനിക സംഭാവന രാജ്യങ്ങളിലെ (യുഎൻടിസിസി) അധ്യക്ഷന്മാരുടെ കോണ്‍ക്ലേവിന് ആതിഥ്യം വഹിക്കാനൊരുങ്ങി ഇന്ത്യ.
ഈ മാസം 14 മുതൽ 16 വരെ ഡൽഹിയിൽ നടക്കുന്ന കോണ്‍ക്ലേവിൽ മുപ്പതിലധികം രാജ്യങ്ങളിൽനിന്നുള്ള കരസേനാ മേധാവിമാരാണ് പങ്കെടുക്കുന്നത്.
ഐക്യരാഷ്ട്രസഭയുടെ സമാധാന പരിപാലന പ്രവർത്തനങ്ങൾക്കായി പ്രധാന സംഭാവനകൾ നൽകുന്ന രാജ്യങ്ങളിൽനിന്നുള്ള സൈനിക മേധാവികളാണ് ഇവിടേക്കെത്തുന്നത്.
മുതിർന്ന സൈനിക ഉദ്യോഗസ്ഥർ നൽകുന്ന സൂചനയനുസരിച്ച് 33 രാജ്യങ്ങളിൽനിന്ന് കോണ്‍ക്ലേവിൽ പങ്കെടുക്കുമെന്ന സ്ഥിരീകരണം ലഭിച്ചിട്ടുണ്ട്. പാക്കിസ്ഥാനും ചൈനയ്ക്കും ക്ഷണമില്ല. ഐക്യരാഷ്ട്രസഭയുടെ സമാധാന പരിപാലന പ്രവർത്തനങ്ങളിൽ ഇന്ത്യ സംഭാവനകൾ നൽകിത്തുടങ്ങിയിട്ട് 75 വർഷം പൂർത്തിയായി.