അഖിലേഷിന്റെ ഫേസ്ബുക്ക് അക്കൗണ്ട് വീണ്ടെടുത്തു; പങ്കില്ലെന്ന് കേന്ദ്രം
Sunday, October 12, 2025 2:20 AM IST
ന്യൂഡൽഹി: സമാജ്വാദി പാർട്ടി അധ്യക്ഷനും മുൻ ഉത്തർപ്രദേശ് മുഖ്യമന്ത്രിയുമായ അഖിലേഷ് യാദവിന്റെ ഫേസ്ബുക്ക് അക്കൗണ്ട് വീണ്ടെടുത്തു. അക്കൗണ്ട് സസ്പെൻഡ് ചെയ്യപ്പെട്ട് 24 മണിക്കൂറിനകമാണ് വീണ്ടെടുത്തത്. അക്കൗണ്ട് സസ്പെൻഡ് ചെയ്തതിൽ സർക്കാരിനു യാതൊരു പങ്കുമില്ലെന്ന് കേന്ദ്ര ഐടി മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു.
അദ്ദേഹത്തിന്റെ അക്കൗണ്ടിൽനിന്ന് അധിക്ഷേപകരമായ ഒരു പോസ്റ്റുണ്ടായിരുന്നുവെന്നും ഫേസ്ബുക്ക് അവരുടെ നയങ്ങൾക്കനുസരിച്ചാണ് അക്കൗണ്ട് മരവിപ്പിച്ചതെന്നും അശ്വിനി വൈഷ്ണവ് വ്യക്തമാക്കി.
ലൈംഗിക ചൂഷണവും അക്രമവുമടങ്ങുന്ന ഒരു പോസ്റ്റിന്റെ പേരിലാണ് തന്റെ അക്കൗണ്ട് ബ്ലോക്ക് ചെയ്യപ്പെട്ടതെന്ന് അറിയിപ്പ് വന്നിരുന്നുവെന്നും എന്നാൽ റിപ്പോർട്ട് കിട്ടിയപ്പോൾ ഉത്തർപ്രദേശിലെ ഒരു മാധ്യമപ്രവർത്തകന്റെയും സ്ത്രീയുടെയും കൊലപാതകത്തെ സംബന്ധിച്ച പോസ്റ്റിനാണ് നടപടികൾ നേരിടേണ്ടതെന്ന് വ്യക്തമായെന്നും അഖിലേഷ് പ്രതികരിച്ചു.
85 ലക്ഷം ഫോളോവേഴ്സുള്ള ഫേസ്ബുക്ക് അക്കൗണ്ട് വെള്ളിയാഴ്ച വൈകിട്ടോടെയാണ് സസ്പെൻഡ് ചെയ്യപ്പെട്ടത്. ഇത് ബിജെപി സർക്കാരിന്റെ ഇടപെടൽ മൂലമാണെന്ന് ആരോപിച്ച് സമാജ്വാദി പാർട്ടി നേതാക്കൾ രംഗത്ത് വന്നിരുന്നു.