ബിഹാർ: എൻഡിഎ പ്രഖ്യാപനം ഇന്ന്
Sunday, October 12, 2025 2:20 AM IST
ജോർജ് കള്ളിവയലിൽ
ന്യൂഡൽഹി: ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിൽ ഭരണകക്ഷിയായ ദേശീയ ജനാധിപത്യ സഖ്യത്തിന്റെ (എൻഡിഎ) സീറ്റ് വിഭജന പ്രഖ്യാപനം ഇന്നുണ്ടായേക്കും. എൻഡിഎ സഖ്യകക്ഷികളായ ചിരാഗ് പാസ്വാന്റെ ലോക് ജനശക്തി പാർട്ടിയും (റാം വിലാസ്) ജിതൻ റാം മാഞ്ജിയുടെ ഹിന്ദുസ്ഥാനി അവാം മോർച്ചയും (എച്ച്എഎം) കൂടുതൽ സീറ്റിനായി ഉന്നയിച്ച തർക്കത്തിൽ സമവായം ഉണ്ടാകുമെന്ന് ബിജെപി വ്യക്തമാക്കി.
സീറ്റുവിഭജനം സംബന്ധിച്ച് ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി. നഡ്ഡയുടെ അധ്യക്ഷതയിൽ ഇന്നലെ ഡൽഹിയിൽ നടന്ന യോഗത്തിൽ ചിരാഗ് പാസ്വാൻ 26 സീറ്റുകളും മാഞ്ജി 15 സീറ്റുകളും കിട്ടിയേ തീരുവെന്ന് അറിയിച്ചു.
രാഷ്ട്രീയ ലോക് മോർച്ച (ആർഎൽഎം) മേധാവി ഉപേന്ദ്ര കുശ്വാഹയും കൂടുതൽ സീറ്റുകൾ ചോദിച്ചു. മാന്യമായ സീറ്റുകൾ കിട്ടിയില്ലെങ്കിൽ തെരഞ്ഞെടുപ്പിൽനിന്നു വിട്ടുനിൽക്കുമെന്ന് മാഞ്ജി പറഞ്ഞു. അർഹമായ സീറ്റുകളുടെ കാര്യത്തിൽ വിട്ടുവീഴ്ചയില്ലെന്നു പാസ്വാനും നഡ്ഡയെ അറിയിച്ചു. എന്നാൽ, 243 അംഗ നിയമസഭയിൽ ജെഡിയു 102 സീറ്റിലും ബിജെപി 101 സീറ്റിലും മൽസരിക്കാൻ തീരുമാനിച്ചാൽ മറ്റു സഖ്യകക്ഷികൾക്കു സീറ്റു കുറയും.
ബിഹാറിൽ നവംബർ ആറിനും 11നും വോട്ടെടുപ്പു നടക്കാനിരിക്കുന്നതിനാൽ, എൻഡിഎയുടെ സീറ്റു വിഭജനത്തിന്റെയും സ്ഥാനാർഥികളുടെയും കാര്യത്തിൽ ഇന്നു രാവിലെ 11ന് ഡൽഹിയിൽ ബിജെപി കേന്ദ്രനേതൃത്വം പ്രധാന പ്രഖ്യാപനങ്ങൾ നടത്തുമെന്നു ബിഹാർ ബിജെപി മേധാവി ദിലീപ് ജയ്സ്വാൾ പറഞ്ഞു. മുന്നണിയിൽ അഭിപ്രായവ്യത്യാസവും തർക്കങ്ങളും ശേഷിക്കുന്നുവെന്നതു ശരിയല്ലെന്ന് അദ്ദേഹം അവകാശപ്പെട്ടു.
ഇതേസമയം, മൂന്നു സീറ്റുകളിലൊഴികെ ശേഷിച്ച 240 മണ്ഡലങ്ങളിലും എൻഡിഎയിൽ ഇന്നലെത്തന്നെ ഏകദേശ ധാരണയായെന്നു ബിജെപി നേതാക്കൾ അവകാശപ്പെട്ടു. കേന്ദ്രമന്ത്രി കൂടിയായ നഡ്ഡയ്ക്കു പുറമേ മുതിർന്ന നേതാവും കേന്ദ്രമന്ത്രിയുമായ ധർമേന്ദ്ര പ്രധാനും വിനോദ് തവ്ഡെയും സഖ്യകക്ഷി നേതാക്കളുമായുള്ള ചർച്ചകൾക്കു നേതൃത്വം നൽകി.
ഏതാനും സീറ്റുകളെ ചൊല്ലി ജെഡിയുവും ബിജെപിയും എൽജെപിയും ആർഎൽഎമ്മും തമ്മിൽ തർക്കമുണ്ട്. ഗോവിന്ദ്ഗഞ്ച് സീറ്റ് പാസ്വാന്റെ പാർട്ടിക്കു നൽകുമെന്നാണു സൂചന. എന്നാൽ ബ്രഹ്മപുർ സീറ്റ് ഉപേക്ഷിക്കാൻ ബിജെപി വിസമ്മതിച്ചു.
ഒറ്റയ്ക്കു മൽസരിക്കാൻ മൂന്നു പാർട്ടികൾ
പ്രശാന്ത് കിഷോറിന്റെ ജൻ സുരാജ് പാർട്ടിയും അരവിന്ദ് കേജരിവാളിന്റെ ആം ആദ്മി പാർട്ടിയും അസസുദീൻ ഒവൈസിയുടെ എഐഎംഐഎം പാർട്ടിയും ബിഹാറിൽ ഒറ്റയ്ക്കു മൽസരിക്കും. എൻഡിഎ- ഇന്ത്യ സഖ്യങ്ങളുമായി ധാരണയില്ലെത്താൻ കഴിയാത്ത മൂന്നു പാർട്ടികളും ഇത്തവണ ഇരു മുന്നണികൾക്കും വെല്ലുവിളിയാകും.
ജൻ സുരാജ് പാർട്ടിയുടെ 51 സ്ഥാനാർഥികളെ കഴിഞ്ഞ വ്യാഴാഴ്ച തന്നെ പ്രശാന്ത് കിഷോർ പ്രഖ്യാപിച്ചു. രണ്ടാംപട്ടിക സ്ഥാനാർഥികളെ വൈകാതെ പ്രഖ്യാപിക്കും. എന്നാൽ താരതമ്യേന സ്വാധീനമുള്ള ഏതാനും സീറ്റുകളിൽ മാത്രമാകും എഎപിയും ഒവൈസിയുടെ പാർട്ടിയും മൽസരിക്കുക.