ബിഹാർ: എഐ വീഡിയോകൾ നിരോധിച്ചു
Sunday, October 12, 2025 2:20 AM IST
ന്യൂഡൽഹി: ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിൽ വോട്ടെടുപ്പിനു മുന്പു നിർമിതബുദ്ധിയിൽ (എഐ) തയാറാക്കിയ വീഡിയോകളും ചിത്രങ്ങളും തെരഞ്ഞെടുപ്പു കമ്മീഷൻ നിരോധിച്ചു.
വോട്ടർമാരെ സ്വാധീനിക്കുന്ന തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നത് തടയാനാണു എഐ നിർമിത വീഡിയോകൾക്കു വിലക്കേർപ്പെടുത്തിയത്.
രാഷ്ട്രീയ പാർട്ടികൾക്കും സ്ഥാനാർഥികൾക്കും പുറമെ തെരഞ്ഞെടുപ്പു പ്രചാരണങ്ങളിൽ ഉൾപ്പെട്ടിരിക്കുന്ന സ്ഥാപനങ്ങൾക്കും വ്യക്തികൾക്കും തീരുമാനം ബാധകമാണ്.
ഏതെങ്കിലും സ്ഥാനാർഥിക്കോ, നേതാക്കൾക്കോ പാർട്ടികൾക്കോ എതിരായ പ്രചാരണം നടത്താൻ എഐ വീഡിയോകൾ ഉപയോഗിക്കാൻ അനുവദിക്കില്ല. എഐ നിർമിത വീഡിയോകൾ ഉപയോഗിക്കുന്നതു മാതൃകാ പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമായി കണക്കാക്കുമെന്ന് കമ്മീഷൻ വിശദീകരിച്ചു.