ഇന്ത്യ സഖ്യം: 5 സീറ്റുകളിൽ തർക്കം
Sunday, October 12, 2025 2:20 AM IST
ന്യൂഡൽഹി: ബിഹാറിലെ പ്രതിപക്ഷ ഇന്ത്യ സഖ്യത്തിൽ സീറ്റുവിഭജനം നീളുന്നു. അഞ്ചു സീറ്റുകളെച്ചൊല്ലി രാഷ്ട്രീയ ജനതാദളും (ആർജെഡി) കോണ്‍ഗ്രസും തമ്മിലുള്ള തർക്കം ഇന്നു പരിഹരിക്കുമെന്നു നേതാക്കൾ പറഞ്ഞു.
അന്തിമ ചർച്ചകൾക്കായി ആർജെഡി നേതാവ് തേജസ്വി യാദവ് ഇന്നു രാവിലെ പത്തിന് ഡൽഹിയിലെത്തി രാഹുൽ ഗാന്ധിയുമായി ചർച്ച നടത്തും. പ്രതിപക്ഷ നേതാവിന്റെ ഔദ്യോഗിക വസതിയിലാണു കൂടിക്കാഴ്ച. തേജസ്വിയെ മുഖ്യമന്ത്രി സ്ഥാനാർഥിയായി പ്രഖ്യാപിക്കാൻ കോണ്‍ഗ്രസ് വിസമ്മതിച്ച കാര്യവും ചർച്ചയായേക്കും.
ഇടതുപാർട്ടികളും വികാസ്ശീൽ ഇൻസാൻ പാർട്ടിയും കൂടുതൽ സീറ്റു ചോദിക്കുന്നെങ്കിലും വഴങ്ങാൻ ആർജെഡി തയാറല്ല. ആർജെഡി നേതാക്കളുടെ കോർ കമ്മിറ്റി ഇന്നലെ വൈകുന്നേരം പാറ്റ്നയിൽ യോഗം ചേർന്നു സ്ഥിതി വിലയിരുത്തി.
ബഹാദൂർഗഞ്ച്, റാണിഗഞ്ച്, ബൈസി, കൽഗാവ്, സഹർസ എന്നീ സീറ്റുകളെ ചൊല്ലിയാണ് ആർജെഡിയും കോണ്‍ഗ്രസും തർക്കം തുടരുന്നത്. കഴിഞ്ഞ തവണ കഹൽഗാവ്, ബഹാദൂർപുർ സീറ്റുകളിൽ കോണ്‍ഗ്രസും സഹർസ, ബൈസി, റാണിഗഞ്ച് എന്നിവിടങ്ങളിൽ ആർജെഡിയും മത്സരിച്ചെങ്കിലും അഞ്ചിടത്തും തോറ്റിരുന്നു. സഹർസ സീറ്റ് സഖ്യകക്ഷിയായ ഐ.പി. ഗുപ്തയ്ക്ക് കൈമാറാൻ കോണ്‍ഗ്രസ് ആദ്യം തീരുമാനിച്ചെങ്കിലും ആർജെഡി ഈ സീറ്റിൽ അവകാശവാദം ഉന്നയിച്ചു.
കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ മൂന്നു എംപിമാർ ജയിച്ച സീമാഞ്ചൽ മേഖലയിലെ ബൈസി, ബഹാദൂർഗഞ്ച് നിയമസഭാ സീറ്റുകൾ വേണമെന്നാണു കോണ്‍ഗ്രസിന്റെ ആവശ്യം.
പപ്പു യാദവ് ഉൾപ്പെടെ കിഷൻഗഞ്ച്, കതിഹാർ, പൂർണിയ എന്നിവിടങ്ങളിൽ മൂന്നു എംപിമാരാണ് കോണ്‍ഗ്രസിനുള്ളത്. കഴിഞ്ഞതവണ തോറ്റെങ്കിലും മുൻ തെരഞ്ഞെടുപ്പുകളിൽ പാർട്ടി നേടിയ കൽഗാവ് സീറ്റിലും കോണ്‍ഗ്രസ് അവകാശവാദം ഉന്നയിക്കുന്നു. 2020ലെ തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടെങ്കിലും റാണിഗഞ്ച് സീറ്റ് വിട്ടുകൊടുക്കാൻ ആർജെഡി തയാറല്ല.
എന്നാൽ, സ്വാഭാവികമായ അവകാശവാദങ്ങളേയുള്ളൂവെന്നും രണ്ടു ദിവസത്തിനകം സീറ്റു വിഭജനവും സ്ഥാനാർഥി പ്രഖ്യാപനവും നടത്താനാകുമെന്നും ആർജെഡിയും കോണ്‍ഗ്രസും അവകാശപ്പെട്ടു.