താലിബാൻ മന്ത്രിയുടെ വാർത്താസമ്മേളനം; വനിതാ മാധ്യമപ്രവർത്തകർക്കു വിലക്ക്
Sunday, October 12, 2025 2:20 AM IST
സീനോ സാജു
ന്യൂഡൽഹി: താലിബാൻ വിദേശകാര്യമന്ത്രി അമീർ ഖാൻ മുത്തഖി ഡൽഹിയിലെ അഫ്ഗാൻ എംബസിയിൽ നടത്തിയ വാർത്താസമ്മേളനത്തിൽനിന്ന് വനിതാമാധ്യമപ്രവർത്തകരെ ഒഴിവാക്കിയത് വൻവിവാദമായി.
താലിബാൻ സർക്കാരിലെ വിദേശകാര്യമന്ത്രി ആദ്യമായി ഇന്ത്യയിലെത്തിയതായിരുന്നു. ലിംഗവിവേചനത്തെ കോണ്ഗ്രസ് ഉൾപ്പെടെയുള്ള പ്രതിപക്ഷം രൂക്ഷമായി വിമർശിച്ചപ്പോൾ വാർത്താസമ്മേളനത്തിൽ തങ്ങൾക്ക് യാതൊരു പങ്കുമില്ലെന്ന് ചൂണ്ടിക്കാണിച്ച് വിദേശകാര്യമന്ത്രാലയം കൈകഴുകി.
വിദേശകാര്യമന്ത്രി എസ്. ജയ്ശങ്കറുമായി കൂടിക്കാഴ്ച നടത്തിയതിനു പിന്നാലെ കഴിഞ്ഞദിവസം അമീർ ഖാൻ നടത്തിയ വാർത്താസമ്മേളനത്തിലായിരുന്നു വനിതാ മാധ്യമപ്രവർത്തകർക്കെതിരേയുള്ള വിവേചനം. ദേശീയ മാധ്യമങ്ങളിലെയടക്കം വനിതാ സീനിയർ റിപ്പോർട്ടർമാരെ വിലക്കി. ഇതിനുപിന്നാലെ ഇന്ത്യൻ മണ്ണിൽനിന്ന് ഇന്ത്യൻ മാധ്യമപ്രവർത്തകരെ വിലക്കുന്നതിൽ അമിർഖാനെതിരേ മുതിർന്ന വനിതാമാധ്യമപ്രവർത്തകർ സമൂഹമാധ്യമത്തിലൂടെ രംഗത്തെത്തി.
താലിബാൻ പ്രതിനിധികളെ പൂർണ ഔദ്യോഗിക പ്രോട്ടോക്കോളുകളിലൂടെ ഇന്ത്യ സ്വീകരിക്കുന്പോൾ സ്ത്രീകൾക്കെതിരേയുള്ള നിയമവിരുദ്ധമായ വിവേചനവും ഇന്ത്യയിലേക്ക് കൊണ്ടുവരാൻ അനുവദിക്കപ്പെട്ടുവെന്നാണ് ഒരു ദേശീയ ദിനപത്രത്തിലെ വനിതാറിപ്പോർട്ടർ എക്സിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. അഫ്ഗാൻ എംബസിയുടെ പ്രദേശം ഇന്ത്യൻ സർക്കാരിന്റെ അധികാരപരിധിയിൽ വരുന്നതല്ലെന്നും തെരഞ്ഞെടുക്കപ്പെട്ട മാധ്യമപ്രവർത്തകരെ മാത്രമാണ് അഫ്ഗാൻ അധികൃതർ വാർത്താസമ്മേളനത്തിലേക്ക് ക്ഷണിച്ചിരുന്നതെന്നുമാണ് കേന്ദ്രം നൽകുന്ന വിശദീകരണം.
താലിബാൻ വിദേശകാര്യമന്ത്രിയുടെ വാർത്താസമ്മേളനത്തിലെ ലിംഗവിവേചനത്തിനെതിരേ പ്രതിപക്ഷ നേതാക്കളും രംഗത്തുവന്നിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദി നയം വ്യക്തമാക്കണമെന്ന് കോണ്ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി പറഞ്ഞു.
തെരഞ്ഞെടുപ്പു നേട്ടങ്ങൾക്കുവേണ്ടി മാത്രം നിങ്ങൾ സ്ത്രീകളുടെ അവകാശം തിരിച്ചറിയുന്നതല്ലെങ്കിൽ, സ്ത്രീകൾ നട്ടെല്ലും അഭിമാനവുമായ രാജ്യത്ത് എങ്ങനെയാണ് ഒരു രാജ്യത്തെ ഏറ്റവും സമർഥരായ സ്ത്രീകൾക്ക് ഇത്തരമൊരു അപമാനം അനുവദിച്ചുനൽകിയതെന്ന് പ്രിയങ്ക ചോദിച്ചു.
ഒരു പൊതുഫോറത്തിൽനിന്ന് വനിതാമാധ്യമപ്രവർത്തകരെ ഒഴിവാക്കാൻ നിങ്ങൾ അനുവദിക്കുന്പോൾ സ്വയം നിലകൊള്ളാൻ നിങ്ങൾ ദുർബലരാണെന്ന് നിങ്ങൾ എല്ലാ സ്ത്രീകളോടും പറയുകയാണെന്ന് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി മോദിയുടെ പേര് പരാമർശിച്ചുകൊണ്ട് എക്സിൽ വിമർശിച്ചു. ഇത്തരമൊരു വിമർശനത്തിലും നിങ്ങൾ പാലിക്കുന്ന നിശബ്ദത നാരീശക്തിയെപ്പറ്റിയുള്ള നിങ്ങളുടെ മുദ്രാവാക്യങ്ങളുടെ പൊള്ളത്തരം വെളിവാക്കുന്നതാണെന്നും രാഹുൽ പറഞ്ഞു.
നാലു വർഷം മുന്പ് അഫ്ഗാനിൽ അധികാരമേറ്റതിനുശേഷം സ്ത്രീകൾക്കെതിരേയുള്ള വിദ്യാഭ്യാസ, തൊഴിൽ വിവേചനവും അതിക്രമവും വർധിച്ചുവന്നതിൽ താലിബാൻ സർക്കാരിനെതിരെ ആഗോളതലത്തിൽ വിമർശനങ്ങൾ നിലനിൽക്കുന്നുണ്ട്. അധികാരമേറ്റെടുത്തതിനുശേഷം സ്ത്രീകളുടെ വിദ്യാഭ്യാസത്തിലും സഞ്ചാരത്തിലും തൊഴിലിലും നിയന്ത്രണങ്ങളേർപ്പെടുത്തിയ താലിബാൻ സെക്കൻഡറി സ്കൂളുകളിൽനിന്നും സർവകലാശാലകളിൽനിന്നും മിക്ക തൊഴിലിടങ്ങളിൽനിന്നും വനിതകളെ വിലക്കിയിരുന്നു.
നിലവിൽ അഫ്ഗാനിലെ പത്തിൽ എട്ട് സത്രീകൾക്കും വിദ്യാഭ്യാസ, തൊഴിൽ അവകാശങ്ങൾ നിഷേധിക്കപ്പെടുന്നുവെന്നാണ് യുഎന്നിന്റെ കണക്ക്. അതേസമയം വാർത്താസമ്മേളനത്തിൽ അഫ്ഗാനിലെ സ്ത്രീകളുടെ അവസ്ഥയെക്കുറിച്ചുള്ള ചോദ്യം വന്നപ്പോൾ എല്ലാ രാജ്യങ്ങൾക്കും അവരുടേതായ ആചാരങ്ങളും നിയമങ്ങളും തത്വങ്ങളുമുണ്ട്, അതിനെ ബഹുമാനിക്കണമെന്നായിരുന്നു അമീർ ഖാന്റെ മറുപടി.